ന്യൂഡൽഹി: വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വർഷം തടവ് ശിക്ഷ. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് വിധി. ഛോട്ടാരാജനടക്കം നാല് പേർക്കാണ് ശിക്ഷ വിധിച്ചത്. ഇവരിൽനിന്നു 15,000 രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു.
വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച മൂന്ന് സർക്കാർ ഉദ്യോഗസ്ഥരേയും കോടതി കുറ്റക്കാരെന്ന് വിധിച്ചിരിച്ചു. ഇവരുടെ സഹായത്തോടെ ആണ് മോഹൻ കുമാർ എന്ന പേരിൽ രാജൻ വ്യാജ പാസ്പോർട്ട് എടുത്തത്. നിലവിൽ തിഹാർ ജയിലിലാണ് ഛോട്ടാ രാജൻ.
മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മയക്ക് മരുന്ന് കടത്തൽ തുടങ്ങിയ 85ഓളം കേസുകളാണ് ഛോട്ടാരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 2015ൽ ഇൻഡനോഷ്യൻ പൊലീസാണ് ഛോട്ടാരാജനെ ഇന്ത്യക്ക് കൈമാറിയത്.