ഉന്നാവ് കേസില്‍ വീണ്ടും അറസ്റ്റ്; എംഎല്‍എയുടെ വനിതാ കൂട്ടാളി സിബിഐ പിടിയില്‍

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Last Updated : Apr 14, 2018, 09:09 PM IST
ഉന്നാവ് കേസില്‍ വീണ്ടും അറസ്റ്റ്; എംഎല്‍എയുടെ വനിതാ കൂട്ടാളി സിബിഐ പിടിയില്‍

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ഉന്നാവ് ബലാല്‍സംഗക്കേസില്‍ രണ്ടാമത്തെ അറസ്റ്റ്. എംഎല്‍എയുടെ കൂട്ടാളിയായ സ്ത്രീയെ സിബിഐ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിംഗാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുപി പൊലീസിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഈ സ്ത്രീയെ പരാമര്‍ശിച്ചിരുന്നു. എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ മുറിയുടെ പുറത്ത് കാവലായി നിന്നത് ശശി സിംഗായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. 

കേസില്‍ എംഎല്‍എയെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ സെങ്കാറിനെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. 

നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. 

Trending News