Lucknow: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നന്ദി പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സോണിയാഗാന്ധിക്കെതിരെയും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരുവര്‍ക്കുമെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണം.
കർഹാൽ, ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച (2022 ഫെബ്രുവരി 1) അവസാനിച്ചു. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പത്രിക സമര്‍പ്പിച്ചിട്ടില്ല. ശേഷമാണ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൽ, ശിവപാല്‍ യാദവ് മത്സരിക്കുന്ന ജസ്വന്ത് നഗർ എന്നീ മണ്ഡലങ്ങളില്‍ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുന്നില്ല എന്ന സൂചനകള്‍ പുറത്തുവന്നത്.
കർഹാൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ജ്ഞാനവതി യാദവിനെ കോൺഗ്രസ് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അഖിലേഷ് യാദവ് അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് അവരുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പാർട്ടി തീരുമാനിയ്ക്കുകയായിരുന്നു.
പിതാവ് മുലായം സിംഗ് യാദവിന്‍റെ ലോക്‌സഭാ മണ്ഡലമായ മെയിൻപുരിയിൽ പെടുന്ന കർഹാലിൽ നിന്നാണ് അഖിലേഷ് യാദവ് ആദ്യമായി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജസ്വന്ത് നഗർ മണ്ഡലത്തിൽ ആറാം തവണയാണ് ശിവപാൽ സിംഗ് യാദവ് മത്സരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ ഫെബ്രുവരി 20നാണ് രണ്ട് സീറ്റുകളിലും വോട്ടെടുപ്പ് നടക്കുക.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 നിയമസഭാ സീറ്റുകൾ നേടിയാണ് BJP വൻ വിജയം നേടിയത്. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി 39.67% വോട്ട് വിഹിതം നേടിയിരുന്നു. സമാജ്‌വാദി പാർട്ടി (എസ്‌പി) 47 സീറ്റുകളും ബിഎസ്‌പി 19 സീറ്റുകളും നേടിയപ്പോൾ കോൺഗ്രസിന് 7 സീറ്റുകൾ മാത്രമാണ് നേടാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...