ചെന്നൈ:ആദായ നികുതി വകുപ്പിന്‍റെ മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം പുതിയ സിനിമയുടെ ലോക്കെഷനിലേക്ക് എത്തിയ വിജയ്ക്ക് ആരാധകരും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ സ്വീകരണമാണ് നല്‍കിയത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നാണ് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്‌യെ ചോദ്യം ചെയ്യലിനായി കൂട്ടികൊണ്ട് പോയത്.
ചെന്നൈ പനയൂരിലെ വീട്ടില്‍ മുപ്പത് മണിക്കൂറോളം പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഇവിടെന്ന് പരിശോധനയ്ക്കായി കൊണ്ട് പോവുകയും ചെയ്തു.താരത്തെയും ഭാര്യയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
അതേസമയം ചോദ്യം ചെയ്യല്‍ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നില്ല. വിജയ് സേതുപതിയുടെയും മറ്റ് അഭിനേതാക്കളുടെയും ഭാഗങ്ങളാണ് വ്യാഴാഴ്ച ചിത്രീകരിച്ചത്.മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം.
വിജയ് നായകനായ 'ബിഗില്‍' എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്ന് ആദായനികുതി അധികൃതര്‍ പറഞ്ഞു.അതേസമയം ഷൂട്ടിംഗ് ലൊക്കേഷനില്‍ താരം മടങ്ങി എത്തിയതില്‍ ആരാധകര്‍ ആവേശത്തിലാണ്.
വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഓഡിയോ ലോഞ്ചില്‍ വിജയ് തനിക്കെതിരായ ആദായ നികുതി വക്കുപ്പിന്റെ നടപടിക്കെതിരെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.സിനിമകളില്‍ കൂടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വിജയ് ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ പരസ്യമായി തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാ ലോകം.