കോട്ട: തന്റെ പക്കൽ നിന്ന് അന്യായമായി ഈടാക്കിയ തുക തിരികെ ലഭിക്കാൻ റെയിൽവേയോട് പോരാടിയത് അഞ്ച് വർഷം. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയാണ് റെയിൽവെ തന്നിൽ നിന്നും ഈടാക്കിയ 35 രൂപ തിരികെ ലഭിക്കുന്നതിനായി പോരാടിയത്. നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുജിത് അതിൽ വിജയിക്കുകയും ചെയ്തു. റെയിൽവെ ഇദ്ദേഹത്തിന്റെ 35 രൂപ തിരികെ നൽകി. ഒപ്പം ഇതേ അനീതിക്ക് ഇരയായ മൂന്ന് ലക്ഷത്തോളം ഐആർസിടിസി ഉപയോക്താക്കൾക്കും അതിന്റെ ഫലം ലഭിച്ചു.
35 രൂപ തിരിച്ചുകിട്ടാനുള്ള പോരാട്ടത്തിൽ അമ്പതോളം വിവരാവകാശ അപേക്ഷകളാണ് സുജിത് സമർപ്പിച്ചത്. നാല് സർക്കാർ വകുപ്പുകൾക്ക് കത്തുകളും അയച്ചു. ഒടുവിൽ സുജിതിന് തന്റെ 35 രൂപയും ലഭിച്ചു. 2.98 ലക്ഷം ഐആർസിടിസി ഉപയോക്താക്കളിൽ നിന്ന് ഇങ്ങനെ അന്യായമായി ഈടാക്കിയ 2.43 കോടി രൂപ തിരികെ നൽകാൻ റെയിൽവേ അനുമതി നൽകുകയും ചെയ്തു.
Also Read: LPG Price Today: വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു, കൊച്ചിയിലെ വില 2223.50 രൂപയായി
സംഭവം ഇങ്ങനെ...
കോട്ട സ്വദേശിയായ എൻജിനീയർ സുജിത് സ്വാമി 2017 ജൂലൈ രണ്ടിന് കോട്ടയിൽ നിന്ന് ന്യൂഡൽഹിക്ക് പോകാൻ ഏപ്രിലിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ജിഎസ്ടി നിലവിൽ വന്ന ജൂലൈ ഒന്നിന്റെ അടുത്ത ദിവസമാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ സുജിതിന് യാത്ര റദ്ദാക്കേണ്ടി വന്നു. 765 രൂപയുടെ ടിക്കറ്റാണ് ഇയാൾ എടുത്തിരുന്നത്. എന്നാൽ റദ്ദാക്കിയപ്പോൾ 665 രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ജിഎസ്ടി നടപ്പാക്കും മുൻപ് കാൻസലേഷൻ ചാർജിനൊപ്പം 35 രൂപ സേവന നികുതിയായി പിടിച്ചത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുജിത് പോരാട്ടം തടങ്ങുകയായിരുന്നു.
പോരാട്ടത്തിന് പിന്നാലെ 2019 മേയ് ഒന്നിന് 33 രൂപ റീഫണ്ടായി ഐആർസിടിസി നൽകിയിരുന്നു. എന്നാൽ ബാക്കി രണ്ട് രൂപയ്ക്ക് വേണ്ടി സുജിത് മൂന്ന് വർഷം കൂടി പോരാടി. തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രണ്ട് രൂപ സുജിത്തിന് ഐആർസിടിസി നൽകുകയായിരുന്നു.