Voter ID Aadhar Card linking: രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയായി മാറിയിരിക്കുകയാണ് ഇപ്പോൾ ആധാർ കാർഡ്. സ്കൂൾ പ്രവേശനം മുതൽ ബാങ്ക് വരെ എവിടെയും ആധാർ കാർഡ് നിർബന്ധമാണ്. പാൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കും. അതുപോലെ തന്നെ വോട്ടർ ഐഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാൽ വോട്ടർ ഐഡി-ആധാർ കാർഡ് ബന്ധിപ്പിക്കൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഈ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. രേഖാമൂലമാണ് കിരൺ റിജ്ജു മറുപടി നൽകിയത്. ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്തില്ലെന്ന് കരുതി വോട്ടർ പട്ടികയിൽ നിന്ന് നിങ്ങളുടെ പേര് വെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിക്കാം; വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ബെൻസ്
The Election Laws (Amendment) Act, 2021പ്രകാരം ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ബന്ധിപ്പിക്കണോ വേണ്ടയോ എന്നത് പൂർണമായും ജനങ്ങളുടെ താൽപര്യമാണ്. വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിച്ചാലും ഇല്ലെങ്കിലും വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് മാറ്റില്ല.
54 കോടി വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചു
95 കോടി വോട്ടർമാരിൽ 54 കോടിയിലധികം വോട്ടർമാരും തങ്ങളുടെ ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആധാറും വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാൻ താൽപര്യപ്പെടുന്നവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഓഫീസറെ ബന്ധപ്പെട്ടോ അത് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...