West Bengal Panchayat Election Results 2023: ഏറെ അക്രമസംഭവങ്ങള്‍ നടമാടിയ പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച അതേ ജന പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലഭിയ്ക്കുന്നുണ്ട്. ആകെയുള്ള 3,317 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 1,218 എണ്ണത്തിലും TMC വിജയം ഉറപ്പിച്ചുകഴിഞ്ഞു. BJP 288 സീറ്റുമായി ഏറെ പിന്നിലാണ്. ട്രെന്‍ഡ് അനുസരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധികാരം തൃണമൂല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി കൈയടക്കുകയാണ്.
Also Read: Delhi Weather Alert: ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട്
പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഷെഡ്യൂൾ പ്രകാരം ജൂലൈ 8 ന് നടന്നു. എന്നിരുന്നാലും, 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 697 ബൂത്തുകളിൽ ജൂലൈ 10 ന് റീപോളിംഗ് നടന്നിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. വോട്ടെടുപ്പ് ദിവസം അക്രമികൾ ബൂത്തുകള്‍ കൈയേറുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ അക്രമങ്ങളിൽ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പശ്ചിമ ബംഗാളിലെ 7 ജില്ലകളിലായി 18 പേരാണ് കൊല്ലപ്പെട്ടത്. ജൂൺ 8 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിനുശേഷം ഉണ്ടായ 19 മരണങ്ങൾ ഉൾപ്പെടെ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 37 ആയി. റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച മരിച്ച 18 പേരിൽ 11 പേർ തൃണമൂൽ കോൺഗ്രസിലും 3 പേർ കോൺഗ്രസിലും 2 പേർ വീതം ബിജെപിയിലും സിപിഎമ്മിലും പെട്ടവരാണ്. ശനിയാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ 200 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
3,341 ഗ്രാമപഞ്ചായത്തുകളുള്ള ബംഗാളിൽ 58,594 പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരുന്നത്. 63,239 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും ജില്ലാ പരിഷത്ത് തലത്തിൽ 928 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമല്ലെന്നും മരണത്തിന്‍റെ ഉത്സവമാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിഷിത് പ്രമാണിക് പറഞ്ഞു.
അടുത്ത വര്‍ഷം ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാകും. ഈ തിരഞ്ഞെടുപ്പില്‍ ടിഎംസി നേടുന്ന വലിയ വിജയം അർത്ഥമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി വോട്ടർമാരിൽ തന്‍റെ ആധിപത്യം മുറുകെപ്പിടിച്ചുവെന്നാണ്. എന്നാല്‍ അതേസമയം ബിജെപിയുടെ വോട്ട് ഷെയറിലോ സീറ്റുകളിലോ ഉണ്ടാകുന്ന വർദ്ധനവ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് പാര്‍ട്ടി കാവി പിന്തുണയുടെ വിജയകരമായ വര്‍ദ്ധനയെ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...