ലഖ്നൗ: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നിര്‍ണ്ണയിക്കാന്‍ പുതിയ മാനദണ്‌ഡവുമായി എത്തിയിരിക്കുകയാണ് ബിജെപി എംപി വീരേന്ദ്ര സിംഗ്...
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല. അതിന് അദ്ദേഹം വസ്തുതകള്‍ നിരത്തുന്നുമുണ്ട്.
രാജ്യത്ത് ഒരു വിധത്തിലുമുള്ള മാന്ദ്യവുമില്ല. ഉണ്ടായിരുന്നെങ്കില്‍ കുര്‍ത്തയ്ക്കും ധോത്തിക്കും പകരമായി ആളുകള്‍ കോട്ടും ജാക്കറ്റും ധരിക്കില്ലല്ലോ? ബിജെപി എംപി വീരേന്ദ്ര സിംഗ് ചോദിച്ചു.
'ലോകത്താകമാനം, ഒപ്പം ഡല്‍ഹിയിലും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ് ചര്‍ച്ച. ഇവിടെ ഏതെങ്കിലും തരത്തിലുള്ള മാന്ദ്യം ഉണ്ടെങ്കില്‍ നമ്മള് കുര്‍ത്തയും ധോത്തിയുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. ഇവിടെ മാന്ദ്യമുണ്ടായിരുന്നെങ്കില്‍ നമ്മള് തുണികള്‍ വാങ്ങില്ല', അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഇത് ആദ്യമായല്ല വിരേന്ദ്ര സിംഗ് തന്‍റേതായ രീതിയില്‍ സാമ്പത്തിക മാന്ദ്യത്തെ വിശകലനം ചെയ്യുന്നത്. മുന്‍പ് ഇതേ രീതിയില്‍ "ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ച"യും അദ്ദേഹം വിശകലനം ചെയ്തിരുന്നു. അതായത്, ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ തെളിവാണ് ട്രാഫിക് ജാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
അതേസമയം, വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ IMF ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് IMFന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.