Bharat Ratna 2024: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്ന (Bharat Ratna).
സാധാരണയായി ഒരു വർഷത്തിൽ മൂന്ന് ഭാരതരത്ന അവാർഡുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, പതിവിന് വിപരീതമായി ഈ വർഷം 5 പേരെയാണ് ഭാരത സര്‍ക്കാര്‍ ഭാരതരത്നയ്ക്കായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
Also Read: Bharat Ratna: ചൗധരി ചരൺ സിംഗ്, നരസിംഹ റാവു, എം എസ് സ്വാമിനാഥൻ എന്നിവര്‍ക്ക് ഭാരതരത്ന
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്ന. 1954 ജനുവരി 2 ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഭാരതരത്ന പുരസ്കാരം ആരംഭിച്ചത്. ഈ അവാർഡ് വംശം, തൊഴിൽ, സ്ഥാനം അല്ലെങ്കിൽ ലിംഗഭേദം എന്നിവയ്ക്ക് അതീതമായി കാഴ്ചവയ്ക്കുന്ന അസാധാരണ സേവനത്തിനുള്ള അംഗീകാരമാണ്. ആദ്യത്തെ ഭാരതരത്ന ലഭിക്കുന്നത് ഡോ. സർവേപ്പള്ളി രാധാകൃഷ്ണനാണ്. അതിനുശേഷം ഇന്നുവരെ ആകെ 53 വിശിഷ്ട വ്യക്തികള്‍ക്ക് രാജ്യം ഭാരതരത്ന നല്കി ആദരിച്ചു.
2011 വരെ കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നിവയിൽ പ്രവർത്തിച്ച് രാജ്യസേവനത്തിൽ നിർണായക സംഭാവനകൾ നൽകിയവർക്ക് മാത്രമായിരുന്നു ഈ അവാർഡ് നൽകിയിരുന്നത്. എന്നാല്‍, 2011 ഡിസംബറിൽ ഇതില്‍ ഭേദഗതി വരുത്തി. അതിനുശേഷം ഈ അവാർഡ് ഏതെങ്കിലും രംഗത്ത് മികവ് തെളിയിച്ച ഒരു പ്രത്യേക വ്യക്തിക്ക് നൽകിത്തുടങ്ങി.
ഈ വര്‍ഷം 5 മഹദ് വ്യക്തികളെയാണ് രാജ്യം ഭാരതരത്ന നല്കി ആദരിക്കുന്നത്. ജനനായക് കർപുരി ഠാക്കൂർ ഭാരതരത്ന ലഭിക്കുന്ന 49-ാമത്തെ വ്യക്തിയായപ്പോള്‍ എൽ.കെ അദ്വാനി 50-ാമതെത്തി. മൂന്ന് പേര്‍ക്കുകൂടിയാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാർ എല്ലാ വർഷവും ഭാരതരത്നയുടെ പേരുകൾ പ്രഖ്യാപിക്കണമെന്നില്ല. ഭാരതരത്നം ലഭിക്കുന്ന വ്യക്തികൾക്ക് മെഡലിനൊപ്പം സർട്ടിഫിക്കറ്റും നൽകും. എന്നാല്‍, ഈ അവാര്‍ഡിനൊപ്പം പണം നൽകുന്നില്ല. കഴിഞ്ഞ തവണ 2019ൽ നാനാജി ദേശ്മുഖ്, ഡോ. ഭൂപൻ ഹസാരിക, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി എന്നിവർക്ക് മോദി സർക്കാർ ഈ ബഹുമതി നൽകി ആദരിച്ചത്.
ഈ വര്‍ഷം ഭാരതരത്ന ലഭിച്ചവര്‍
കർപ്പൂരി ഠാക്കൂർ
1970-കളിൽ കർപ്പൂരി താക്കൂർ രണ്ടുതവണ ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു. ആദ്യം 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും പിന്നീട് 1977 ഡിസംബർ മുതൽ 1979 ഏപ്രിൽ വരെയുമാണ് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി പദവി അലങ്കരിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എന്നിവരുൾപ്പെടെ സംസ്ഥാനത്തെ ഇന്നത്തെ തലമുറയിലെ പല നേതാക്കൾക്കും അദ്ദേഹം മാർഗദർശിയായിരുന്നു.
എൽ കെ അദ്വാനി
ബിജെപി നേതാവ് എൽകെ അദ്വാനി 1986-90, 1993-98, 2004-05 വർഷങ്ങളിൽ ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്നു.
മൂന്ന് പതിറ്റാണ്ടോളം നീണ്ട പാർലമെന്ററി ജീവിതം നയിച്ച അദ്വാനി 1999 മുതൽ 2004 വരെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയിൽ ആദ്യം ആഭ്യന്തര മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു.
ചൗധരി ചരൺ സിംഗ്
1902ൽ ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ച ചരൺ സിംഗ് 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രിയായിരുന്നു.
1937ൽ ഛപ്രൗളിയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1946, 1952, 1962, 1967 വർഷങ്ങളിൽ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യം 1967ലും പിന്നീട് 1970ലും ഉത്തർപ്രദേശിൽ രണ്ടുതവണ മുഖ്യമന്ത്രിയായി.
പി വി നരസിംഹ റാവു
പി വി നരസിംഹ റാവു 1991 ജൂൺ 21 മുതൽ 1996 മെയ് 16 വരെ പ്രധാനമന്ത്രിയായിരുന്നു.
1921-ൽ ആന്ധ്രാപ്രദേശിലെ കരിംനഗറിൽ ജനിച്ച അദ്ദേഹം ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല, ബോംബെ സർവകലാശാല, നാഗ്പൂർ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. കർഷകനും അഭിഭാഷകനുമായ അദ്ദേഹം വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം എസ് സ്വാമിനാഥൻ
1925 ൽ ജനിച്ച ഡോ എം എസ് സ്വാമിനാഥൻ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നു. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് സുവോളജിയിൽ ബിഎസ്സി ബിരുദവും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറൽ സയൻസസിൽ ബിരുദവും നേടി.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) നിന്ന് അഗ്രികൾച്ചറൽ സയൻസസിൽ എംഎസ്സി ബിരുദവും (ജനിതകശാസ്ത്രത്തിലും സസ്യ പ്രജനനത്തിലും സ്പെഷ്യലൈസേഷൻ) യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം.
രാജ്യം ഭാരതരത്ന നൽകി ആദരിക്കുന്ന വ്യക്തികള്‍ക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ലഭിക്കുന്നത്?
ഭാരതരത്ന ലഭിക്കുന്ന മഹദ് വ്യക്തികള്‍ക്ക് രാജ്യത്ത് വിഐപി പദവി ലഭിക്കും. പ്രോട്ടോക്കോൾ അനുസരിച്ച്, അവാർഡ് ലഭിച്ച വ്യക്തിയെ രാജ്യത്തെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾക്കൊപ്പം കണക്കാക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, കാബിനറ്റ് മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മുൻ രാഷ്ട്രപതി, മുൻ പ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ശേഷമാണ് ഇവര്‍ക്ക് സ്ഥാനം ലഭിക്കുന്നത്.
ഭാരതരത്ന പദവി ലഭിച്ചവര്‍ക്ക് ഈ സൗകര്യങ്ങൾ ലഭിക്കും
ഭാരതരത്ന ലഭിച്ച വ്യക്തിക്ക് കാബിനറ്റ് മന്ത്രിക്ക് തുല്യമായ വിഐപി പദവി ലഭിക്കും.
ആജീവനാന്തം ആദായനികുതി അടക്കാതിരിക്കാനുള്ള ഇളവ് ഇവര്‍ക്ക് ലഭ്യമാണ്.
ഭാരതരത്ന ലഭിക്കുന്ന വ്യക്തികൾക്ക് പാർലമെന്റിന്റെ യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കാം.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ രാജ്യത്തെ ദേശീയ ഉത്സവങ്ങളിലെ പരിപാടികളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാം.
ഭാരതരത്ന ലഭിച്ചവർക്ക് വിമാനത്തിലും ട്രെയിനിലും ബസിലും സൗജന്യമായി യാത്ര ചെയ്യാം.
അതേസമയം, ഭാരതരത്ന പുരസ്കാരം ലഭിച്ച ഒരാൾ ഏതെങ്കിലും സംസ്ഥാനം സന്ദർശിക്കുമ്പോൾ അവിടത്തെ അതിഥി എന്ന പദവി ലഭിക്കും.
ഭാരതരത്ന ലഭിക്കുന്ന ആളുകൾക്ക് സംസ്ഥാന സർക്കാരുകൾ സൗകര്യങ്ങൾ ഒരുക്കുന്നു. ഈ അവാർഡ് ലഭിച്ച വ്യക്തിക്ക് പ്രസിഡൻസി വാറണ്ടിൽ സർക്കാർ ഇടം നൽകുന്നു. ഇത് ഒരു തരത്തിലുള്ള പ്രോട്ടോക്കോൾ ആണ്, ഇത് സർക്കാർ പരിപാടികളിൽ മുൻഗണന നൽകാൻ ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.