അഴിമതിക്കാരനെ ഗവര്‍ണറാക്കിയത് എന്തിന്: സുബ്രഹ്മണ്യന്‍ സ്വാമി

കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയാണ് ശക്തികാന്ത ദാസെന്നും പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

Last Updated : Dec 12, 2018, 03:49 PM IST
അഴിമതിക്കാരനെ ഗവര്‍ണറാക്കിയത് എന്തിന്: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയാണ് ശക്തികാന്ത ദാസെന്നും പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലയെന്നും സ്വാമി പ്രതികരിച്ചു. 

കേന്ദ്രസര്‍ക്കാറിന്‍റെ ഈ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ട് നിരോധനകാലത്ത് കേന്ദ്രസര്‍ക്കാറിന്‍റെ വക്താവായി പ്രവര്‍ത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15 മത് ധനകാര്യ കമ്മീഷന്‍ അംഗവുമാണ് ശക്തികാന്ത ദാസ്. ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായിരുന്നു അദ്ദേഹം. 1980 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസറാണ്.

കേന്ദ്രസര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിന്‍റെ പുതിയ നിയമനം.

Trending News