ചരിത്രത്തിൽ ഇതാദ്യമായി ശീതകാലസമ്മേളന തിയതില്‍ തീരുമാനമാതെ പാർലമെൻറ്. ശീതകാലസമ്മേളനത്തിന്റെ ദിവസങ്ങൾ നിശ്ചയിക്കേണ്ട സമയം കടന്നിരിക്കുന്നു. അതിനായി പാർലമെന്ററി കാര്യ മന്ത്രിസഭാ സമിതി വിളിക്കുന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. ഇത്തവണ സമ്മേളനം ഏതാനും ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ നവംബർ പകുതിക്കുശേഷം മൂന്നാഴ്ചയെങ്കിലും പാർലമെൻറ് സമ്മേളിക്കുന്ന കീഴ്വഴക്കമാണ് അട്ടിമറിയുന്നത്.
ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പോരാട്ടം നടക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിര്‍ന്ന നേതാക്കളും തിരക്കിലാണ്.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി നടപ്പാക്കൽ എന്നിവ വഴി രൂക്ഷമായ സാമ്പത്തികമാന്ദ്യവും പ്രതിസന്ധിയും ശീതകാലസമ്മേളനത്തിൽ ബഹളത്തിന് ഇടയാക്കിയേക്കും. 18 പാർട്ടികൾ സർക്കാറിനെതിരെ യോജിച്ച നീക്കത്തിലായതിനാൽ പാർലമെൻറിലെ ബഹളം ഗുജറാത്തിലും അലയടിക്കുമെന്ന് സർക്കാർ ആശങ്കപ്പെടുന്നു.
സാധാരണ ബജറ്റ്, വർഷകാല, ശീതകാല സമ്മേളനങ്ങളാണ് നടക്കുന്നത്. ബജറ്റ് സമ്മേളനം ഒരുമാസം നേരത്തേയാക്കി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന രീതി കഴിഞ്ഞവർഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്.
പാർലമെൻറ് വർഷകാലസമ്മേളനം ആഗസ്റ്റ് 11 നാണ് സമാപിച്ചത്. ഒരുവർഷത്തിൽ എത്രദിവസം പാർലമെൻറ് സമ്മേളിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. എന്നാല്‍ പാർലമെൻറ് കീഴ്വഴക്കം പാലിച്ചുപോരുകയാണ് ഇതുവരെ ചെയ്തത്.