ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചതോടെ വേഗം സുഖം പ്രാപിക്കാനുള്ള ആശംസകളാണ് എങ്ങും. ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട്.
താന്‍ കോവിഡ് പരിശോധന നടത്തിയെന്നും കോവിഡ് പോസിറ്റീവാണെന്നുമാണ് ചൗഹാന്‍ ട്വീറ്റില്‍ പറയുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരൊക്കെ പരിശോധന നടത്തണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തിയിട്ടുണ്ട്
അതേസമയം, ശിവരാജ് സിംഗ് ചൗഹാനുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. താങ്കള്‍ "സാമൂഹിക അകലം" പാലിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു എന്നാണ് ദിഗ്വിജയ് സിംഗ് വ്യന്ഗ്യമായ ഭാഷയില്‍ അഭിപ്രായപ്പെട്ടത്. താങ്കള്‍ക്ക് കൊറോണ ബാധിച്ചത് ദുഖകരം തന്നെ. എത്രയും പെട്ടെന്ന് താങ്കള്‍ സുഖം പ്രാപിക്കട്ടെ, ദിഗ്വിജയ് സിംഗ് പറഞ്ഞു.
മധ്യപ്രദേശില്‍ ഇതുവരെ 26,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 791 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വെള്ളിയാഴ്ച മാത്രം 736 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177 പേര്‍ ഭോപ്പാലില്‍ നിന്നുള്ളവരാണ്.