ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനും, അമ്മ ഷബ്‌നം സിങ്ങിനും, സഹോദരന്‍ സരോവര്‍ സിങ്ങിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യുവരാജിന്‍റെ സഹോദരന്‍റെ ഭാര്യ അകന്‍ക്ഷാ ശര്‍മ്മയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി കൂടിയാണ് അകന്‍ക്ഷ.
കേസില്‍ ആദ്യ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 21-നാണ്. അതുവരെ താന്‍ ഒന്നും പറയുന്നില്ലയെന്നും ഒക്ടോബര്‍ 21-ന് ശേഷം താന്‍ പരാതിയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്നും അകന്‍ക്ഷ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് സരോവറിനും, യുവിക്കും, അമ്മ ഷബ്‌നത്തിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അകന്‍ക്ഷയുടെ അഭിഭാഷക സ്വാതി സിങ് മാലിക് വ്യക്തമാക്കി.
യുവരാജിനെതിരെ എന്തിനാണ് പരാതി നല്‍കിയത് എന്ന ചോദ്യത്തിന്, ഗാര്‍ഹിക പീഡനമെന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മറിച്ച് മാനസികവും സാമ്പത്തികവുമായ പീഡനവും അതില്‍ ഉള്‍പ്പെടുമെന്നും സ്വാതി പറഞ്ഞു. അകന്‍ക്ഷാ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍ക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് യുവി അകന്‍ക്ഷായോട് ആവശ്യപ്പെട്ടിരുന്നതായും സ്വാതി പറഞ്ഞു.