തിരുവനന്തപുരം: പതിനാറാമത് തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരങ്ങൾ തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മികച്ച ആരോഗ്യക്ഷേമ വാർത്തയുടെ റിപ്പോർട്ടറായി തിരഞ്ഞെടുത്ത സീ മലയാളം ന്യൂസിലെ കറസ്പോണ്ടന്റ് അഭിജിത്ത് ജയൻ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അച്ചടി ദൃശ്യ ഓൺലൈൻ മാധ്യമ വിഭാഗങ്ങളിൽ നിന്നായി 28 ഓളം പേർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ, മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം ആർ തമ്പാൻ, ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം, ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം ആർ സുദർശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്ലസ് വൺ വിദ്യാർഥിയായ അക്ഷയ് കടവിലിൻ്റെയും ആർഷ എസ്സിൻ്റെയും പുസ്തക പ്രകാശനവും അവാർഡ് സായാഹ്നത്തിൽ നടന്നു.
ALSO READ: സംസ്ഥാനത്തെ ദന്തല്‍ മേഖലയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം; അനുകരിച്ച് മറ്റ് സംസ്ഥാനങ്ങളും
നിർധന രോഗിയുടെ കുടുംബത്തിന് സുമനസുകൾ വീട് നിർമ്മിച്ചു നൽകി
ഇടുക്കിയിൽ നിർധന രോഗിയുടെ കുടുംബത്തിന് സുമനസുകൾ വീട് നിർമ്മിച്ചു നൽകി. തൊടുപുഴ വഴിത്തല സ്വദേശി അഭിലാഷിനും കുടുംബത്തിനുമാണ് സ്നേഹം ചാരിറ്റബിൾ ഗ്രൂപ്പ് എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വപ്നഭവനം പണിത് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുടുംബത്തിന് താക്കോൽ കൈമാറി.
പുതിയ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി ഗൃഹപ്രവേശനം നടത്തുമ്പോൾ അഭിലാഷിനും കുടുംബത്തിനും ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നുപോലും ഉൾക്കൊള്ളാനാകാത്ത അവസ്ഥയായിരുന്നു. സ്വന്തമായൊരു വീട് അഭിലാഷിന് സ്വപ്നം മാത്രമായിരുന്നു. ക്യാൻസർ ബാധിച്ചതോടെ ഇനിയൊരു വീട് സാധ്യമാകില്ലെന്ന നിരാശയിലായിരുന്നു അദ്ദേഹം. തൻ്റെ ഭാര്യക്കും കുട്ടിക്കും സുരക്ഷിതമായൊന്ന് അന്തിയുറങ്ങാൻ ഒരു വീടില്ലെന്ന വിഷമം അഭിലാഷ് തൻ്റെ സുഹൃത്തുക്കളായ ലിഗിൻ സൂര്യയോടും മനോജിനോടും പങ്കുവച്ചു. ഇവിടെ നിന്നാണ് അഭിലാഷിനായൊരു സ്നേഹവീട് എന്ന ആശയമുണ്ടായത്. ഉടൻ തന്നെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം മാർട്ടിൻ ജോസഫിൻ്റെയും അഭിലാഷിൻ്റെയും പേരിൽ ജോയിൻ്റ് അക്കൗണ്ട് തുടങ്ങി. തുടർന്ന് സ്നേഹം ചാരിറ്റബിൾ ഗ്രൂപ്പ് എന്ന പേരിൽ 850 ഓളം പേരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി സുമനസുകളുടെ സഹായം എത്തിയതോടെ വീടുപണി ആരംഭിക്കാനായി.
തങ്ങളുടെ ദുരവസ്ഥ മനസിലാക്കി സ്വപ്നഭവനം നിർമ്മിച്ച് നൽകാൻ സഹായിച്ച എല്ലാവർക്കും അഭിലാഷിൻ്റെ കുടുംബം നന്ദി പറഞ്ഞു. 480 സ്ക്വയർ ഫീറ്റിൽ, മൂന്നു മാസം കൊണ്ട് വീട് പൂർത്തിയായി. വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് തൊടുപുഴ ബ്ലോക്ക് പ്രസിഡൻ്റ് സുനി സാബു അഭിലാഷിൻ്റെ കുടുംബത്തിന് താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്നേഹം ചാരിറ്റബിൾ ഗ്രൂപ്പ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy