ആലപ്പുഴ: ആവേശത്തിരയിളക്കാൻ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ജലമാമാങ്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് അധ്യക്ഷത വഹിക്കുന്നത്. ഇക്കുറി 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 72 വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11ന് തുടങ്ങും.
സമ്മാനദാനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ സമ്മേളനത്തിൽ മുഖ്യാതിഥികളാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. എന്‍ടിബിആര്‍. സുവനീറിന്റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ.ബിജുവിന് നല്‍കി എ.എം. ആരിഫ് എം.പി. നിര്‍വഹിക്കും. എന്‍.ടി.ബി.ആര്‍. മെര്‍ക്കണ്ടൈസിന്റെ പ്രകാശനം ജില്ല ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അതിഥികള്‍ക്കുള്ള മൊമന്റോകൾ കൈമാറും. കഴിഞ്ഞ വര്‍ഷം നെഹ്‌റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ സന്തോഷ് ചാക്കോയായിരിക്കും തുഴച്ചില്‍കാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ശേഷം ആര്‍.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരും ജലമാമാങ്കത്തിൽ പങ്കെടുക്കും.
Also Read: Rahul Gandhi: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; 9 വീടുകളുടെ താക്കോൽ കൈമാറും
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുന്നമട കായലിൽ രാവിലെ 11 മണിയോടെ മത്സരം ആരംഭിക്കും. ഒരു മാസത്തെ കഠിന പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി ഇറങ്ങുന്നത്. ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്സാണ്. ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുന്നത്. വൈകുന്നേരം നാലുമണി മുതലാണ് ഫൈനൽ മത്സരം നടക്കുക. നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ്. എന്നാൽ ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുക. പാസുള്ളവർക്ക് മാത്രമാണ് വള്ളം കളികാണുന്നതിനായി പ്രവേശനം അനുവദിക്കുന്നത്. ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡുകൾ ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!
വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്നും ആളുകൾക്ക് തിരികെ പോകുന്നതിനായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വള്ളം കളികാണാൻ ഇത്തവണ ഭിന്നശേഷിക്കാരായ 50 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള അന്തേവാസികൾക്കും വള്ളം കളികാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി വാളണ്ടിയർമാരും ഉണ്ടാകും. വിദേശികളടക്കം മൂന്ന് ലക്ഷത്തോളം കാണികൾ വള്ളംകളി മത്സരം കാണെത്തുമെന്ന പ്രതീക്ഷിയിലാണ് ജില്ലാ ഭരണകൂടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...