ശബരിമലയിൽ വെർച്വല്‍ ക്യൂ വഴി ദർശനം നടത്തിയത് ഏഴരലക്ഷം പേർ

  

Last Updated : Dec 30, 2017, 08:48 AM IST
 ശബരിമലയിൽ വെർച്വല്‍ ക്യൂ വഴി ദർശനം നടത്തിയത് ഏഴരലക്ഷം പേർ

പത്തനംതിട്ട: ശബരിമലയിൽ വെർച്വല്‍ ക്യൂ വഴി ഏഴരലക്ഷം പേർ ഇതുവരെ ദർശനം നടത്തി. ഇതരസംസ്ഥാന തീർത്ഥാടകരാണ് ഈ സംവിധാനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. നവംബർ 16 മുതലാണ് വർച്വല്‍ ക്യൂവഴി ദർശനം തുടങ്ങിയത്. വെർച്വല്‍ ക്യൂവഴിയുള്ള ദർശനത്തിന് വേണ്ടി തീർത്ഥാടനം തുടങ്ങുന്നതിനും ഒരുമാസം മുൻപേ ബുക്കിങ്ങ് തുടങ്ങി കഴിഞ്ഞിരുന്നു. 

മണ്ഡലകാലം പൂർത്തിയായപ്പോള്‍ 769392 പേരാണ് വെർച്വല്‍ ക്യൂ വഴി ദർശനം നടത്തിയത്. പതിനൊന്നര ലക്ഷം പേരാണ് ഇതിനായി ബുക്ക് ചെയ്തത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ബുക്ക് ചെയ്തതിനാലാണ് സംഖ്യ ഇത്രയും വർദ്ധിച്ചത്. ഡിസംബർ 23 മുതല്‍ 26 വരെ വെർച്വല്‍ ക്യൂവഴി ദർശനം ഇല്ലായിരുന്നു. നവംബർ 30 നാണ് ഏറ്റവും കൂടുതല്‍ പേർ വെര്‍ച്വല്‍ ക്യൂവഴി ദർശനം നടത്തിയത്. 28589 പേർ. ആന്ധ്രയില്‍ നിന്നുള്ള തീർത്ഥാടകരാണ് വെർച്വല്‍ ക്യൂ സംവിധാനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. തമിഴ്നാട്, കർണ്ണാടക എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വെര്‍ച്വല്‍ ക്യൂവഴി ദർശനം നടത്തി. ജനുവരി 19 വരെ വെർച്വല്‍ ക്യൂ വഴിയുള്ള ദർശനത്തിന്‍റെ ബുക്കിങ്ങ് പൂർത്തിയായി കഴിഞ്ഞു. മകരവിളക്കിന്‍റെ തിരക്ക് കണക്കിലെടുത്ത് ജനുവരി 12 മുതല്‍ 15വരെ വെർച്വല്‍ ക്യൂവഴിയുള്ള ദർശനം ഇല്ല. മകരവിളക്ക് കാലത്തെ വെർച്വല്‍ ക്യൂ വഴിയുള്ള ദർശനം ഡിസംബർ മുപ്പത്തി ഒന്നുമുതല്‍ തുടങ്ങും.

Trending News