Guava Health Benefits: പേരയ്ക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ്. നാട്ടിൻപുറങ്ങളിലും മാർക്കറ്റുകളിലുമൊക്കെ വളരെ സുലഭമാണ് പേരയ്ക്ക. പേരയ്ക്ക് ദിവസവും കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയതാണ് പേരയ്ക്ക. ഇത് രോഗപ്രതിരോധശേഷി കൂട്ടും. അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും മുറിവുകൾ ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പേരയ്ക്ക.
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പേരയ്ക്ക. മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. നാരുകൾ ധാരാളമടങ്ങിയതാണ് പേരയ്ക്ക. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഡയറ്റിൽ പേരയ്ക്ക ഉൾപ്പെടുത്താവുന്നതാണ്.
ആന്റി ഓക്സിഡന്റുകളാലും പൊട്ടാസ്യം, ഫൈബർ എന്നിവയാലും സമ്പുഷ്ടമായ പേരയ്ക്ക രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഗ്ലൈസെമിക് സൂചിക കുറവുള്ള പേരയ്ക്ക പ്രമേഹ രോഗികൾക്ക് നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
ചർമ്മ സംരക്ഷണം നോക്കുന്നവർക്കും പേരയ്ക്ക ബെസ്റ്റ് ഓപ്ഷനാണ്. കൊളാജൻ പ്രൊഡക്ഷന് സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയതാണ് ഈ പഴം. അകാല വാർധക്യം തടയാനും ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താനും പേരയ്ക്ക സഹായിക്കുന്നു. കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി അടങ്ങിയതാണ് പേരയ്ക്ക. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളെ തടയാൻ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)