തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടിയെയും ഇരുത്തിയാൽ ഈടാക്കുന്ന പിഴ ഒഴിവാക്കാൻ ശ്രമവുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമ ഭേദഗതിയ്ക്ക് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടിയും ഉണ്ടായാൽ എ ഐ ക്യാമറകൾ പിഴ ഈടാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.
ഇരുചക്ര വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കൂടി കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഈ ആവശ്ം പരിഗണിച്ചാണ് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കാൻ തീരുമാനിച്ചത്. മെയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
ALSO READ: മാങ്ങ മോഷ്ടിച്ച പോലീസുകാരനും സേനയ്ക്ക് പുറത്ത്; സിപിഒ ഷിഹാബിനേയും പിരിച്ചുവിട്ടു
ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നതാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് വരുത്താൻ കേന്ദ്രസർക്കാരിന് മാത്രമേ സാധിക്കൂ. എന്നാൽ, സംസ്ഥാനത്ത് വാഹന പരിശോധനയിലും മറ്റും കുട്ടികളുടെ കാര്യത്തിൽ പോലീസ് ഈ വ്യവസ്ഥ കർശനമാക്കിയിരുന്നില്ല. സംസ്ഥാന വ്യാപകമായി എ ഐ ക്യാമറകൾ സ്ഥാപിക്കപ്പെട്ടതോടെയാണ് ഇരുചക്ര വാഹനത്തിൽ കുട്ടി ഉൾപ്പെടെ മൂന്ന് പേർ യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന സാഹചര്യം വന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
സ്വന്തം കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കളിൽ നിന്ന് നിയമലംഘനത്തിന് പിഴ ഈടാക്കരുതെന്ന് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല വീടുകളും അണുകുടുംബങ്ങളാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് പല കുടുംബങ്ങളും ഇരുചക്ര വാഹനത്തെ ആശ്രയിക്കുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുട്ടിയുമായി പോകുന്ന മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് നീതീകരിക്കാനാകില്ലെന്നാണ് അസോസിയേഷൻറെ നിലപാട്.
സംസ്ഥാന വ്യാപകമായി 726 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകളാണ് പ്രവർത്തനക്ഷമമായിരിക്കുന്നത്. രാത്രിയിലടക്കം നിയമലംഘനങ്ങൾ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ ഐ ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാൾ കൂടുതൽ വ്യക്തമായ ചിത്രങ്ങളാണ് എ ഐ ക്യാമറയിൽ പതിയുക. ഈ ചിത്രങ്ങൾ 5 വർഷത്തേക്ക് സൂക്ഷിക്കാൻ ഈ ക്യാമറകൾക്ക് കഴിയും. തിരുവനന്തപുരത്തെ സെൻട്രൽ കൺട്രോൾ റൂമിലാണ് നിയമ ലംഘനം കണ്ടെത്തുന്ന ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ നേരെ എത്തുക.
നിയമലംഘനം കണ്ടെത്തിയാൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് ചെല്ലാൻ എത്തും. പിഴ സംബന്ധിച്ച വിവരം മൊബൈൽ ഫോണിലേയ്ക്ക് എസ് എം എസായും ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കാര്യത്തിലും ഇനി ഇത്തരം ക്യാമറകൾ സഹായമാകും.
പിഴ സംബന്ധിച്ച വിവരങ്ങൾ
1. പാർക്കിങ്ങിൽ വാഹനം നിർത്തുക - 250
2. തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ - 250
3. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ - 500
4. അമിത വേഗത - 1500
5. ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ - 2000
6. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ - ആദ്യപിഴ - 2000
തുടർന്ന് - 4000
7. അപകടകരമായ ഓവർ ടേക്കിങ്ങ് - 2000
8. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം - 2000
9. മഞ്ഞ വര മുറിച്ചു കടന്നാൽ - 2000
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...