African swine fever: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

African swine fever reported in Malayattoor: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 03:51 PM IST
  • രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ കളക്ടർ.
  • അസംപ്ഷൻ മൊണാസ്റ്ററി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.
  • പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
African swine fever: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൊച്ചി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ കളക്ടർ. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തിൽ വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോ മീറ്റർ ചുറ്റളവ് പ്രദേശം രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 

രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും, പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് കൊണ്ടുപോകുന്നതും, മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കണം. 

ALSO READ: 'അടി കിട്ടിയത് കോടതിയുടെ മുഖത്ത്'; തിരുവാർപ്പ് അക്രമത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സർക്കാറിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തിൽ ഉന്മൂലനം ചെയ്യണമെന്നും ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമിൽ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണം. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാഹചര്യം ഉള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനം മാർഗങ്ങളിലും പോലീസ്, ആർടിഒ എന്നിവയുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തണം. ഡീഡീസ് ഫ്രീ സോണിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ടീം ഉറപ്പുവരുത്തേണ്ടതാണ്.

രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവരെ ഉൾപ്പെടുത്തിയുള്ള റാപ്പിഡ് റെസ്പോൺസ് ടീം ഉടൻ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശം നൽകി. 

ജില്ലയിൽ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ ഓഫീസർ സ്വീകരിക്കണം. മൃഗസംരക്ഷണ ഓഫീസർക്ക് ആവശ്യമായ എല്ലാ സഹകരണങ്ങളും ഉടനടി ലഭ്യമാക്കാൻ മേൽ വകുപ്പുകളും ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

അതേസമയം, കഴിഞ്ഞ മാസം കണ്ണൂർ കാർത്തികപുരത്തും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഉദയഗിരി പഞ്ചായത്തിലെ തൊമരക്കാട്, പുല്ലരി പ്രദേശങ്ങളിലെ രണ്ട് ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഫാമുകളിലായി 70ഓളം പന്നികളാണ് ചത്തൊടുങ്ങിയത്. വെറ്ററിനറി സർജൻ ഡോ.ബിജോയി വർഗീസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് റീജിയണൽ ലബോറട്ടറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇത് ബെംഗളൂരുവിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News