Amoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായി

Amoebic Meningoencephalitis Guidelines: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് ഇന്ത്യയിൽ ആദ്യമായാണ് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2024, 01:14 PM IST
  • തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ സമിതിയെ നിയോഗിക്കും
  • സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി നിർദേശം നൽകി
Amoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായി

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവായ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുണ്ടാകുന്ന ആളുകളിൽ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിന് കാരണമാകുകയും ചെയ്യുന്നത്. ഈ രോ​ഗത്തിന്റെ മരണനിരക്ക് 97 ശതമാനത്തിലധികമാണ്.

വേനല്‍ കാലത്ത് വെള്ളത്തിന്റെ അളവ് കുറയുയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യപ്പെടുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോ​ഗനിർണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നൽകുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടത് പ്രധാനമാണ്. ഇതുവഴി മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മൂക്കിലേക്ക് വെള്ളം ഒഴിക്കരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണം.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് വേദന തുടങ്ങിയവയാണ് ഈ രോ​ഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. രോ​ഗം ​ഗുരുതരമാകുന്ന സാഹചര്യത്തിൽ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ലക്ഷണങ്ങൾ പറഞ്ഞ് എത്രയും വേ​ഗം ചികിത്സ തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News