വിരൽ കൊണ്ട് അത്ഭുതം തീർത്ത കലാകാരനാണ് കരുവാട്ട് മന വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്‌റ്റ് നമ്പൂതിരി. തന്റെ വരയുടെ മാസ്മരികതയാൽ കഥകളിലേയും സാഹിത്യങ്ങളിലേയും കഥാപാത്രങ്ങൾക്ക് രേഖാചിത്രത്തിനാൽ പുതുജീവൻ നൽകി മലയാളിയുടെ സാഹിത്യവായനയെ വളർത്തുകയും ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടു പോകുകയും ചെയ്ത അതുല്യ പ്രതിഭ. ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കൂടിയാണ് അദ്ദേഹം.
എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ. കഥകൾക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച എല്ലാ മേഖലകളിലും നമ്പൂതിരിക്ക് തന്റെ കഴിവിനെ ചരിത്രമായി അടയാളപ്പെടുത്താൻ സാധിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽചെയ്ത കഥകളി ശിൽപ്പങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.
ALSO READ: പകരംവെക്കാനില്ലാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; ഏറെ വേദന നിറഞ്ഞ ദിവസമെന്ന് മോഹൻലാൽ
ആനുകാലികങ്ങളിലൂടെയുള്ള വരകൾ വായനക്കാർക്ക് സുപരിചിതമാണ്. മദ്രാസ് ഫൈൻ ആർട്സ് കോളജിൽ നിന്നും കെ.സി.എസ്.പണിക്കർ, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ൽ ആണ് രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർന്നത്. പിന്നീട് കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിന് രേഖാചിത്രങ്ങൾ വരച്ചു. രേഖാ ചിത്രങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ കഥാപാത്രങ്ങളുടെ രൂപം കോറിയിടാൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പല കഥകളിലേയും നിരൂപണങ്ങളിലേയും സ്ത്രീകഥാപാത്രങ്ങളുടെ രൂപം വിരൽ കൊണ്ട് അദ്ദേഹം കൊത്തിയെടുത്തപ്പോൾ കഥാപാത്രവും വായനക്കാരനും മറ്റൊരു അനുഭൂതിയിലെത്തി.
പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ 'നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു' എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. അങ്ങനെ 'നമ്പൂതിരിച്ചിത്രങ്ങൾ' എന്ന ശൈലി തന്നെ പ്രശസ്തമായി. 2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള ’രേഖകൾ’ പുസ്തകമായി പുറത്തിറങ്ങി.
കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. ഭാര്യ മൃണാളിനി. മക്കൾ പരമേശ്വരൻ, വാസുദേവൻ ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലായിരുന്നു ആർട്ടിസ്റ്റഅ നമ്പൂതിരി താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...