അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം

തിരുപ്പൂര്‍ അവിനാശിയില്‍ KSRTC ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം അനുവദിച്ചു.

Last Updated : Feb 20, 2020, 07:06 PM IST
അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം

തിരുവനന്തപുരം: തിരുപ്പൂര്‍ അവിനാശിയില്‍ KSRTC ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം അനുവദിച്ചു.

കൂടാതെ, അടിയന്തര സഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്നും ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. 18 മലയാളികള്‍ ഉള്‍പ്പടെ 19 പേരാണ് അപകടത്തില്‍ മരിച്ചത്.

മരിച്ച KSRTC ജീവനക്കാരുടെ കുടുംബത്തിന് 30 ലക്ഷം വീതവും നല്‍കും. KSRTCയുടെ ഇന്‍ഷുറന്‍സ് തുകയാണ് നല്‍കുന്നത്.

ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന KSRTC എ.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

അതേസമയം, അപടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

മന്ത്രി വി. എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് RTO അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തുകൂടി പോയ ബസിന്‍റെ വലതുവശമാണ് തകര്‍ത്തത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 19 പേരാണ് ദാരുണമായി മരിച്ചത്. ബസ് നാമാവശേഷമായി.

Trending News