ബ്യൂട്ടി പാർലർ വെടിവെപ്പ്: അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി

രവി പൂജാരിയെ സെനഗലില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം. അഞ്ച് ദിവസത്തിനകം പൂജാരിയെ കൈമാറാമെന്നാണ് സെനഗല്‍ വ്യക്തമാക്കിയിട്ടുള്ളത്. 

Last Updated : Feb 2, 2019, 08:02 AM IST
ബ്യൂട്ടി പാർലർ വെടിവെപ്പ്: അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി. റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും. ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

രവി പൂജാരിയെ സെനഗലില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം. അഞ്ച് ദിവസത്തിനകം പൂജാരിയെ കൈമാറാമെന്നാണ് സെനഗല്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൂജാരി പിടിയിലായത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. 

ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു. കഴിഞ്ഞ മാസം പത്തൊമ്പതിനാണ് സെനഗലില്‍ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. 

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ബുര്‍ക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു. സെനഗലിലെ പട്ടണമായ ഡാക്കറില്‍ നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഒരു റസ്റ്റോറന്റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാരിക്കെതിരെ ബംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസുകളും ഇയാളെ തേടിക്കൊണ്ടിരുന്നു. അതിനിടയ്ക്കാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ അന്വേഷണവും പൂജാരിയിലേക്ക് എത്തിയത്. 

Trending News