യുഎപിഎ ചുമത്തിയത്‌ പുനഃപരിശോധിക്കണം -ബെഹ്റ

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. 

Last Updated : Nov 3, 2019, 01:09 PM IST
യുഎപിഎ ചുമത്തിയത്‌ പുനഃപരിശോധിക്കണം -ബെഹ്റ

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വെച്ചതിന് സിപിഎം പ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. 

ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കുമാണ് ഇത്‌ സംബന്ധിച്ച് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. 

ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളതെന്നും വിശദമായി അന്വേഷിച്ച ശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും കേരള പോലീസ്‌ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 

അതിന് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

കൂടാതെ, യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

വിദ്യാര്‍ഥികളായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

പാര്‍ട്ടി കോഴിക്കോട് ഘടകവും മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. 

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രണ്ട് വിദ്യാർഥികളെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 

കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിയും സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ്, കോഴിക്കോട്ട് ജേണലിസം വിദ്യാർഥിയും സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് അറസ്റ്റിലായത്. 

സിനിമാ നടി സജിത മഠത്തിലിന്‍റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ് അലൻ ഷുഹൈബ്.

Trending News