തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടി ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത് കേന്ദ്രം അറിയാതെ. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ (IFS Officers) കേഡർ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെൻഷൻ സംബന്ധിച്ച കാരണങ്ങൾ അറിയില്ലെന്നും എത്രയും വേഗം ഇത് സംബന്ധിച്ച് ഫയലുകൾ ഹാജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് (Chief secretary) നിർദേശം നൽകി.
ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എകെ മൊഹന്തിയാണ് ഫയലുകൾ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. നവംബർ 24നാണ് കേന്ദ്രം ഇത് സംബന്ധിച്ച കത്ത് നൽകിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം.
ALSO READ: Mullaperiyar Tree Cutting | മുല്ലപ്പെരിയാർ മരം മുറിക്കേസിൽ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയിൽ
നവംബർ 11നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. സർവീസ് ചട്ടം ലംഘിച്ചെന്നും സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തതിനെതിരെ ഐഎഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാർ ബേബിഡാം മരം മുറി വിഷയത്തിൽ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിഷയത്തിൽ ഉത്തരവ് നൽകിയത് സെക്രട്ടറിമാരുടെ അറിവോടെയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരങ്ങൾ മന്ത്രിസഭയെ അറിയിക്കേണ്ടിയിരുന്നത് സെക്രെട്ടറിമാരായിരുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ കുറിച്ച് സെക്രട്ടറി തലത്തിലും ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മരം മുറി വിവാദത്തിൽ സുപ്രധാന രേഖകൾ പുറത്ത് വന്നിരുന്നു. തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് പുറത്ത് വന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് പുറത്ത് വന്ന രേഖകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...