കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി. അറസ്റ്റ് ചെയ്യണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു.
ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിയമോപദേശം തേടുകയല്ല, അഭിപ്രായം ആരായുകയാണ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രാവിലെ പത്തരയ്ക്കു ഹാജരാകാനാണു ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ ബിഷപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്താവും ഇന്നത്തെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീ പൊലീസിനു നൽകിയ മൊഴി, ചങ്ങനാശേരി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ്, ബിഷപ്പിന്‍റെ മുൻ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദർശക റജിസ്റ്റർ, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകൾ ഉപയോഗിച്ചായിരുന്നു ചോദ്യംചെയ്യൽ.
പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദർശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു. ബിഷപിന്‍റെ മുന്‍ മൊഴികള്‍ക്കെതിരേ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്‍റെ ചോദ്യംചെയ്യൽ. കുറവിലങ്ങാട് നാടുകുന്ന് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്‍റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ്പ് പറഞ്ഞതായാണു വിവരം.