തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച വിഷയത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററി (ആര്‍സിസി)നെതിരെ കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍സിസിയുടെ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
കുട്ടിയ്ക്ക് പൂര്‍ണ്ണമായും ചികിത്സ സഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗമനവും ഉണ്ടായില്ലെന്നും ആരോപിക്കുന്നു. പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് ആര്‍സിസി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദാതാവില്‍ നിന്നു രക്തം സ്വീകരിച്ചപ്പോള്‍ വിന്‍ഡോ പീരീഡില്‍ രോഗബാധ ഉണ്ടായതാകാമെന്ന നിഗമനമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ആര്‍സിസിക്ക് അനുകൂലമായിരുന്നു.