ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്

  മേയ് 28ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 31ന് ആണ്. 

Last Updated : Apr 26, 2018, 05:07 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 31ന് ആണ്. 

വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 10 ആണ്. പത്രികകളുടെ സൂഷ്മ പരിശോധന മെയ് 11ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14 ആണ്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്‌. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ പോരിനിറങ്ങുന്നത്. അതേസമയം നഷ്ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാന്‍ കച്ചമുറുക്കുകയാണ് യുഡിഎഫ് പാളയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച പ്രകടനം സാധ്യമാക്കിയ ശ്രീധരന്‍ പിള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ നിരന്തര സമ്മര്‍ദ്ദത്തിന് വിധേയനായാണ് ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങുന്നത്.

Trending News