സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ കണ്ണിലെ കരട്: മുഖ്യമന്ത്രി

സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്‍റെ കണ്ണിലെ കരടാണ്. വര്‍ഗീയ ശക്തികളുടെ തനിനിറം കാട്ടുന്നതാണ് കാരണം.  

Last Updated : Oct 27, 2018, 11:14 AM IST
സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ കണ്ണിലെ കരട്: മുഖ്യമന്ത്രി

തിരുവനന്തപുരം: അജ്ഞാതര്‍ ആക്രമിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ധനമന്ത്രി തോമസ് ഐസകിനും പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. 

സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്‍റെ കണ്ണിലെ കരടാണ്. വര്‍ഗീയ ശക്തികളുടെ തനിനിറം കാട്ടുന്നതാണ് കാരണം. ആശ്രമം ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും ഇവരെ പുറത്തുകൊണ്ടുവരും. പൊലീസ് ശരിയായ നിലയില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാമി  സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ലെന്നും. അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്‍റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്ത് വച്ചിട്ടുണ്ടായിരുന്നു. അക്രമികള്‍ വാഹനത്തിലാണ് എത്തിയത്. തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു. തീ പടരുന്നതുകണ്ടാണ് സന്ദീപാനന്ദ ഗിരിയും ആശ്രമത്തിലെ അന്തേവാസികളും ഇറങ്ങിവന്നത്. ഇതോടെ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending News