കൽപ്പറ്റ: സികെ ജാനു തനിക്ക് നൽകിയത് വായ്പ വാങ്ങിയ പണമാണെന്ന കൽപ്പറ്റ മുൻ എംഎൽഎ സികെ ശശീന്ദ്രന്റെ വാദം ശരിവച്ച് സികെ ജാനു. കടം വാങ്ങിയ പണമാണ് സികെ ശശീന്ദ്രന് തിരികെ നൽകിയതെന്ന് ജാനു വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജാനു പറഞ്ഞു.
സികെ ശശീന്ദ്രന് കോഴപ്പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരുപാട് ആളുകളിൽ നിന്ന് വായ്പ വാങ്ങിക്കാറുമുണ്ട്. തിരികെ നൽകാറുമുണ്ട്. പക്ഷേ ചിലപ്പോൾ പറഞ്ഞ സമയത്ത് തിരികെ നൽകാൻ സാധിച്ചിട്ടില്ല. എന്തായാലും തിരികെ നൽകും. ഇനിയും വായ്പ വാങ്ങിച്ചതും തിരിച്ച് കൊടുക്കാനുള്ളതും ഉണ്ടെന്നും സികെ ജാനു പറഞ്ഞു.
ALSO READ: NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്
സ്ഥാനാർഥിയാകാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പണം, ജാനു സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയിരുന്നെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സികെ ജാനു നൽകിയത് വായ്പ വാങ്ങിയ പണമാണെന്ന് സികെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. 2019ൽ സികെ ജാനു മൂന്ന് ലക്ഷം രൂപ വാങ്ങി. അക്കൗണ്ടിലൂടെയാണ് നൽകിയത്. വാഹനം വാങ്ങാനാണ് പണം വാങ്ങിയത്. ആ പണമാണ് തിരികെ നൽകിയതെന്നും സികെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സികെ ജാനു വ്യക്തമാക്കി. പണം ബാങ്ക് വഴിയാണ് നൽകിയതെന്നും ബാങ്ക് വഴിയാണ് തിരിച്ച് നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...