കോൺഗ്രസ് പാർട്ടിയിൽ തർക്കം പുതുമയുള്ള കാര്യമല്ല. പുന:സംഘടന മുതൽ സ്ഥാനാർത്ഥി നിർണയം വരെ തർക്കമില്ലാതെ തീർന്ന ചരിത്രവും ഇല്ല. എന്നാൽ ഡിസിസി, ബ്ലോക്ക് പുന:സംഘടന എന്നത് നേതൃത്വത്തെ സംബന്ധിച്ച് കീറാമുട്ടിയായി മാറിയിരിക്കുകയാണ്. കെപിസിസി നേതൃത്വം ആദ്യമയച്ച ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്റ് തിരികെ അയച്ചു. മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിന് പിന്നാലെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി നേതാക്കൾ പല വട്ടം ചർച്ച നടത്തിയെങ്കിലും ഒന്നും കരയ്ക്ക് അടുക്കുന്ന ലക്ഷ്ണമില്ല.
ഇക്കഴിഞ്ഞ ശിനിയാഴ്ച കപിസിസി പ്രസിന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നാല് മണിക്കൂറിലേറെ ചർച്ച നടത്തിയിട്ടും തീരുമാനമായത് മൂന്ന് ജില്ലകളിലെ കാര്യം മാത്രമാണ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ കാര്യത്തിലാണ് ഇതിനകം ധാരണയായത്. ചെറിയ ജില്ലകളുടെ കാര്യം ഇങ്ങനെയാണെങ്കിൽ ഭാരവാഹികൾ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ചർച്ചയും തർക്കങ്ങളും നീളുമെന്നുറപ്പാണ്. വലിയ ജില്ലകളിൽ 25, ചെറിയ ജില്ലകളിൽ 15 എന്ന നിലയിൽ ഭാരവാഹികളെ നിശ്ചയിക്കാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ വലിയ ജില്ലകളിൽ 40 വരെയും ചെറിയ ജില്ലകളിൽ 30 വരെയും ഭാരവാഹികളെ നിശ്ചയിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ നേതൃത്വം ആലോചിക്കുന്നത്. അതായത് നിലവിലെ സാഹര്യത്തിൽ ഭാരാവാഹികളുടെ എണ്ണം കൂട്ടാതെ ധാരണയിലെത്താൻ കഴിയില്ലെന്ന തിരിച്ചറിവിലേക്ക് നേതൃത്വം എത്തിചേർന്നു കഴിഞ്ഞു.
പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നേതൃത്വത്തിൽ ചർച്ച പൂർത്തിയായാലും രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നീ മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും അംഗീകാരമില്ലാതെ പട്ടിക ഹൈക്കമാന്റിന് കൈമാറാൻ കഴിയില്ല. കെ സുധാകരൻ ഇഷ്ടക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നുവെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ഈക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ചില എംപിമാർ ഹൈക്കമാന്റിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മർച്ച് 31ന് മെമ്പർഷിപ്പ് കാന്പയിൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് മുമ്പ് ഡിസിസി ബ്ലോക്ക് പുനസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ പിന്നെ സംഘടാനാ തെരഞ്ഞെടുപ്പിനൊപ്പമേ അത് നടത്താൻ കഴിയുകയുളളു. നേതാക്കൾക്കിടയിലെ തർക്കം ഉടൻ പരിഹരിക്കാനായില്ലെങ്കിൽ ഡിസിസി, ബ്ലോക്ക് പുനസംഘടന അനന്തമായി നീണ്ട് പോകാനാണ് സാധ്യത.