തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊടിയേറുമ്പോൾ ചേരിതിരിവിലും വിഭാഗീയതിലുമാണ് സിപിഐ. കാനം പക്ഷവും വിരുദ്ധചേരിയും പരസ്പരമുള്ള വാദപ്രതിവാദങ്ങൾ നേരിട്ടും ഒളിയമ്പായുമെല്ലാം തുടരുകയാണ്. ആശയപരമായ രീതിയിലുള്ള പ്രവർത്തനമല്ല നടക്കുന്നതെന്ന് നേതാക്കൾക്ക് പോലും അറിയാം. വിഭാഗീയ പ്രവർത്തനങ്ങളും വ്യക്തി താൽപര്യങ്ങളും മാത്രം അരങ്ങേറുമ്പോൾ വരുന്ന മൂന്നുനാൾ വിവാദം കൊഴുക്കുമെന്നറുപ്പ്. നേരത്തെ മുതിർന്ന അംഗം പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാന സെക്രട്ടറിക്ക് സ്വാഗതസംഘം ചുമതല കൈമാറുകയായിരുന്നു. സമ്മേളനത്തിനുള്ള പതാക ഉയർത്തുന്ന ചുമതല ദേശീയ നേതാക്കൾക്കാണെന്നിരിക്കെ സിപിഐ കീഴ് വഴക്കം ലംഘിച്ചിരിക്കുകയാണെന്നുള്ള മുറുമുറുപ്പും അതൃപ്തിയുമാണ് എതിർചേരിയിലുള്ള നേതാക്കൾ പ്രകടിപ്പിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം പ്രത്യക്ഷമായി എതിർക്കാനാണ് കാനത്തെ അനുകൂലിക്കുന്നവരുടെ തീരുമാനം.
75 വയസ്സ് പ്രായപരിധി പാർട്ടിയിൽ നടപ്പാക്കുമെന്നുള്ളതാണ് കാനം പറയുന്നത്. എന്നാൽ, പാർട്ടിയിൽ പ്രായപരിധി നടപ്പിലാക്കാൻ സി ദിവാകരൻ, കെ ഇ ഇസ്മയിൽ, കെ.കെ.ശിവരാമൻ തുടങ്ങി കാനം വിരുദ്ധ ചേരിയിലുള്ളവർക്ക് ഒട്ടും താത്പര്യമില്ല. ഇവർ ഇതിനെ അതിശക്തമായി എതിർക്കുകയാണ്. പ്രായപരിധി സംബന്ധിച്ച വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടപ്പിലാക്കുന്നത് എന്നതാണ് കാനത്തിന് പറയാനുള്ളത്. സംസ്ഥാന കൗൺസിലിന്റെ തീരുമാനങ്ങളും ഇതിൽ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രത്തിൽ ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പോലും തിരഞ്ഞെടുപ്പ് വന്നേക്കാം. അങ്ങനെയുണ്ടായാൽ കാനത്തിനെതിരെ ആരും മത്സരിക്കും എന്നുള്ളതും നിർണായകമായിരിക്കും.
ALSO READ : എകെജി സെൻ്റർ ആക്രമണം; പ്രതി ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി ക്രൈംബ്രാഞ്ച്
മൂന്നാമത്തെ ടേമിലാണ് നിലവിൽ സംസ്ഥാന സെക്രട്ടറിയായി തുടരുന്നത്. ഒരാൾക്ക് പരമാവധി മൂന്ന് ടേം ആണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലകളിലേക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അവസാനത്തെ ടേമാണ് സെക്രട്ടറി പദത്തിൽ കാനത്തിന് ഇപ്പോഴുള്ളത്. നേരത്തെ കോട്ടയത്ത് മുൻപ് നടന്ന സമ്മേളനത്തിൽ കെ.ഇ ഇസ്മയിൽ കാനത്തിനെതിരെ മത്സരിക്കാൻ തയ്യാറാവുകയും പിന്നീട്, പി.എസ് സുപാൽ പറഞ്ഞതനുസരിച്ച് സംസ്ഥാന കൗൺസിലിന്റെ പിന്തുണ കുറയാൻ സാഹചര്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്മയിൽ പിന്മാറുന്ന കാഴ്ചയാണുണ്ടായത്. ഇത്തവണ അതെങ്ങനെയായിത്തീരും എന്നുള്ളതും പ്രധാനമാണ്. 75 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കാൻ തീരുമാനിച്ചാൽ ഇസ്മയിൽ പക്ഷം പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും ഏറെയുമാണ്. എന്നാൽ ഇത് നടക്കുമോ എന്നുള്ളത് കണ്ടിരുന്ന് കാണണം.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങിൽ മുതിർന്ന നേതാവ് സി. ദിവാകരൻ പങ്കെടുത്തുമില്ല. ഇതിൽ ഇസ്മയിലും, ദിവാകരനും പങ്കെടുക്കാത്തത് കടുത്ത അതൃപ്തിയെയാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ദിവാകരൻ പാർട്ടിയെ മുന്നിൽനിന്നു നയിക്കേണ്ട ആൾ കൂടിയാണ്. ഇങ്ങനെ പരസ്യമായി അതൃപ്തി കാണിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കും എന്നാണ് കാനം പറയുന്നത്.
ALSO READ : ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും ചർച്ച ചെയ്യാൻ നാളെ എകെജി ഹാളിൽ സെമിനാർ; ഉദ്ഘാടനം ജസ്റ്റിസ് ചന്ദ്രു
മാത്രമല്ല, പാർട്ടിയിലെ വിഭാഗീയത ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ കടുത്ത പ്രതികരണം നടത്തുന്നതിനോടും കാനത്തിന് ഒട്ടും യോജിപ്പില്ല. സെക്രട്ടറി സ്ഥാനത്തേക്ക് എന്തിനാണ് ഇത്ര ആക്രാന്തം എന്നു വരെ ദിവാകരൻ രണ്ടുദിവസം മുമ്പ് പറഞ്ഞിരുന്നതാണ്. ഇസ്മയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ ഔദ്യോഗിക പക്ഷത്തിനെതിരെ നടത്തി. എന്നാൽ, പെട്ടെന്ന് തിടുക്കപ്പെട്ട് ഒരു നടപടിയിലേക്ക് പോകേണ്ടതില്ല എന്നുള്ള ഒരു തീരുമാനമാണ് ഔദ്യോഗിക പക്ഷം നിലവിലെടുത്തിരിക്കുന്നത്. ദിവാകരത്തിനെതിരെ നടപടി വരുമോ എന്നുള്ളത് അദ്ദേഹം കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ അറിയാൻ കഴിയും.
പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവുമൊക്കെയായി സിപിഐയുടെ സമ്മേളനം വാർത്തകളിൽ നിറയുമ്പോൾ കടുത്ത ചേരിതിരിവും വിഭാഗീയതയും തന്നെയാണ് നേതാക്കളുടെ പ്രതികരണങ്ങളിലുടനീളം കാണാൻ കഴിയുന്നത്. എം എൻ സ്മാരകം ചുവപ്പണിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും നേതാക്കളുടെ മനസ്സ് തർക്കവിതർക്കങ്ങളിൽ ആടിയുലയുകയാണ്. ആര് സെക്രട്ടറി സ്ഥാനത്തേക്ക് വരും. സി ദിവാകരനെതിരെയും, ഇസ്മയിലിനെതിരെയും നടപടി ഉണ്ടാകുമോ, പ്രായപരിധി നടപ്പാക്കുമോ, അങ്ങനെ ചോദ്യങ്ങൾ അനവധി നിരവധി ബാക്കി.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.