ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് കായംകുളത്ത് തുടക്കമാവും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം വിഎസ് അച്യുതാന്ദനും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 382 പേരാണ് സമ്മേളത്തില്‍ പങ്കെടുക്കുക. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം കായംകുളത്ത് പൂര്‍ത്തിയായി.
കടുത്ത വിഭാഗീയ നിലനിന്ന ജില്ലയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിഭാഗീയതയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അത് നിലനില്‍ക്കുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ ഇത്തവണ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. വിഎസ് അച്യുതാനന്ദനാണ് പ്രതിനിധി സമ്മേളന ഹാളിന് പുറത്ത് ദീപശീഖ കൊളുത്തുക. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.13,14,15 തീയ്യതികളില്‍ നടക്കുന്ന സമ്മേളത്തില്‍ പതിനഞ്ചിന് രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പതിനഞ്ചാം തീയ്യതി ഉച്ചതിരഞ്ഞാണ് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നത്.