സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും

  

Last Updated : Feb 22, 2018, 09:55 AM IST
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും

തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും. രാവിലെ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. 

37 വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. നാലുദിവസത്തെ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. 10 മണിയ്ക്ക് റീജണല്‍ തീയറ്ററിലെ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ പാര്‍ട്ടി സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തുന്നത്. 10.30ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25ന് ഉച്ചവരെ പ്രതിനിധിസമ്മേളനം തുടരും.

സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്‍റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും. 

സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്നാരംഭിച്ച ദീപശിഖാപ്രയാണവും വയലാറില്‍നിന്നുള്ള കൊടിമരജാഥയും കയ്യൂരില്‍നിന്നുള്ള പതാകജാഥയും ബുധനാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെത്തി. തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന തേക്കിന്‍കാട് മൈതാനത്തെ കെ.കെ. മാമക്കുട്ടിനഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ ചെങ്കൊടി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പിണറായി വിജയന്‍ പ്രസംഗിച്ചു.

Trending News