തിരുവനന്തപുരം: ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടി തിരുവനന്തപുരം ജില്ലാ ഘടകത്തിന് പുതിയ സെക്രട്ടറി വരുന്നു. സിപിഎം നേതാവും കരകൗശല വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന കെ.എസ് സുനിൽകുമാർ, മുൻ മേയറും ട്രിഡ ചെയർമാനുമായിരുന്ന ജയൻബാബു എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൻറെ ശുപാർശ പ്രകാരം സംസ്ഥാന സമിതിയായിരിക്കും പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക.
71 വയസ്സുള്ള ആനാവൂർ നാഗപ്പൻ മൂന്നാം തവണയായിരുന്നു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ൽ കടകംപള്ളി സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് സെക്രട്ടറിയുടെ താത്ക്കാലിക ചുമതലയോടെ ആനാവൂർ നാഗപ്പൻ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായതോടെ പൂർണ ചുമതലയുള്ള സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരുകയായിരുന്നു. 2018-ലാണ് ആദ്യമായി സമ്മേളനത്തിലൂടെ ആനാവൂർ ജില്ലാസെക്രട്ടറിയാകുന്നത്.
നിലവിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന കെ.എസ് സുനിൽകുമാറും ജയൻ ബാബുവും തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിൻറെ ശക്തരായ നേതാക്കളാണ്. ഇവരുടെ സംഘടനാ മികവും പൊതുസ്വീകാര്യതയും ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ജില്ലാ സെക്രട്ടേറിയേറ്റിലെയും ജില്ലാ കമ്മിറ്റിയിലെയും മുതിർന്ന അംഗങ്ങളെന്നുള്ള നിലയ്ക്ക് ഇവരിൽ ഒരാൾക്ക് നറുക്ക് വീഴാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...