കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയില്‍ താമസിക്കുന്ന ചാത്തൻവേലിൽ മനോഹരന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പോലീസ് ഇത് സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്: ഇരുമ്പനം ഭഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും മനോഹരന്‍ വാഹനം നിർത്താതെ പോയി. പിന്നീട് പോലീസ് ഇയാളെ മറ്റൊരിടത്ത് നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ഇയാള്‍ കുഴഞ്ഞുവീണു. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചെന്നാണ് പോലീസ് പറയുന്നത്.
നിർമാണ തൊഴിലാളിയായിരുന്നു മനോഹരൻ. അതേ സമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മരണകാരണത്തെ സംബന്ധിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ല. മനോഹരനെ പോലീസ് മര്‍ദിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പോലീസ് പറയുന്നു. മനോഹരന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സിനി. മക്കള്‍: അര്‍ജുന്‍, സച്ചിന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...