തൃശൂര്‍: തൃശൂരിൽ മാളയിലെ അന്നമനടയിൽ മിന്നൽ ചുഴലി. അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇരുന്നൂറിലേറെ മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ പറന്നു പോയി. പുലർച്ചെ അഞ്ചരയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. അഞ്ച് മിനിറ്റോളം ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപ് തൃശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ ചുഴലിക്കാറ്റ് വീശിയിരുന്നു.
ചുഴലിക്കാറ്റിൽ പ്രദേശത്തെ വൈദ്യുതി കമ്പികൾ പൊട്ടിവീണു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. അന്നമനട പഞ്ചായത്തിലെ പാലശ്ശേരി, എരയാംകുടി പ്രദേശത്താണ് ചുഴലിക്കാറ്റ് വീശിയത്. ജാതി, പ്ലാവ്, തേക്ക് എന്നിവയടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും ഒടിഞ്ഞുവീണു. രണ്ട് മാസം മുൻപ് അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റടിച്ചത്. മാസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ ചുഴലിക്കാറ്റുണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Kerala Rain Update: തീവ്ര ന്യൂനമർദ്ദം ശക്തി കുറഞ്ഞു, കേരളത്തിൽ മിക്ക ജില്ലകളിലും മഴ ഒഴിയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയോളമായി തുടർന്നിരുന്ന കനത്ത മഴയ്ക്ക് ശമനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായെങ്കിലും ഇപ്പോൾ അതിന്റെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര ന്യുനമർദ്ദം ഛത്തിസ്ഗഡിനും മദ്ധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുനമർദ്ദമായി ദുർബലമായി. അടുത്ത 24 മണിക്കൂറിൽ ഇത് ന്യുനമർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുണ്ട്.
കേരളത്തിൽ ഒരു ജില്ലയിലും ഇന്ന് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.
അതേസമയം, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കിക്കളയും. മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്. അതിനാൽ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരുത്തണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ കുറയാൻ തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...