24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്

  

Last Updated : Mar 14, 2018, 09:11 AM IST
24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്.  

തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലാകും. ലക്ഷദ്വീപ് മേഖലയില്‍  നാശനഷ്ടത്തിന് സാധ്യതയുണ്ട്. ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി, മാന്നാര്‍ കടലിടുക്ക്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കി.

ചുഴലിക്കാറ്റിന് സാധ്യതയില്ലന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ തീരദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Trending News