ഇടുക്കി: ഇഴഞ്ഞ് നീങ്ങി ഇടുക്കി മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന നടപടി ഇഴഞ്ഞ് നീങ്ങുന്നത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. കരാറുകാരന്റെ അനാസ്ഥയാണ് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണമാണ് നടന്നുവരുന്നത്. റോഡിന്റെ മധ്യത്തിൽ കെ എസ് ഇബി യുടെ വൈദ്യുത പോസ്റ്റുകൾ നിൽക്കുന്നതിനാൽ പോസ്റ്റുകൾ നിലകൊള്ളുന്ന ഭാഗം ഒഴിച്ചിട്ടാണ് പണികൾ പുരോഗമിക്കുന്നത്.
ബിഎം ബിസി നിലവാരത്തിൽ പണിയുന്ന റോഡിന്റെ ലെവൽ തെറ്റുന്നതിന് ഇത് കാരണമാകുന്നതായി ആരോപണമുണ്ട്. വൈദ്യുതി വകുപ്പിന്റെ പീരുമേട് സെക്ഷനിൽ കഴിഞ്ഞ ഡിസംബറിലും, ഉപ്പുതറ സെക്ഷനിൽ കഴിഞ്ഞ മാർച്ചിലും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫണ്ട് കിഫ്ബി കൈമാറിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ കരാറുകാരൻ കരാർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യൽ നടപടി ഇഴഞ്ഞു നീങ്ങുന്നതായാണ് ആരോപണം. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടി വൈകുന്നതിനാൽ ടാറിംഗ് നടത്തുന്ന ഭാഗത്തെ ചെറിയ പോസ്റ്റുകൾ റോഡിന്റ കരാറുകാർ തന്നെ മാറ്റി സ്ഥാപിച്ചാണ് ടാറിംഗ് നടത്തുന്നത്.
പലയിടത്തും പോസ്റ്റുകൾ റോഡിന് നടുവിൽ നിൽക്കുന്നത്,വലിയ അപകടത്തിനും കാരണമാകുന്നുണ്ട്. പോസ്റ്റ് നീക്കം ചെയ്യാൻ താമസം നേരിടുന്നത് ടാറിങ്ങിന്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...