ശബരിമലയിലെ സ്ത്രീ പ്രവേശനം: മുന്‍നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്

41 ദിവസത്തെ വ്രതം മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി വാദിച്ചു.   

Last Updated : Jul 24, 2018, 02:24 PM IST
ശബരിമലയിലെ സ്ത്രീ പ്രവേശനം: മുന്‍നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചത്. 

കേസില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ച ദേവസ്വം ബോര്‍ഡ് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചില്ല. മറിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചാണ് സിംഗ്‌വി വാദിച്ചത്. 

41 ദിവസത്തെ വ്രതം മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി വാദിച്ചു. ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്‍റെ അടിസ്ഥാനം. ശാരീരികമായി ഈ പ്രത്യേകതയുള്ള എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം.

എന്നാല്‍ മാസത്തിലെ അഞ്ച് ദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് നിലപാട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചകാര്യം ഈ ഘട്ടത്തില്‍ ഭരണഘടനാ ബഞ്ച് ഉന്നയിച്ചു. ഈ അഞ്ച് ദിവസത്തേക്ക് നൈഷ് ഠിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രത്യക്ഷമാകുമോ. ബോര്‍ഡിന്‍റെ നിലപാടില്‍ വ്യക്തതയില്ല. ധാര്‍മ്മികത കാലത്തിനൊത്ത് മാറുന്നതാണ്. ദേവസ്വം ബോര്‍ഡിന്‍റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ക്ഷേത്ര ആചാരങ്ങളില്‍ തീരുമാനം എടുക്കേണ്ട അവസാനത്തെ ആള്‍ തന്ത്രിയാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടന പ്രകാരം ദേവസ്വം ബോര്‍ഡിന്‍റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡും ചൂണ്ടിക്കാട്ടി.

Trending News