തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് റവന്യു വകുപ്പ് (Revenue department) സമര്‍പ്പിച്ച 807.98 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. റവന്യു, സര്‍വ്വേ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ കീഴിലുള്ള ഭൂരേഖകളുടെ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ 1666 വില്ലേജുകളിലും ഭൂരേഖകള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റലാക്കുന്നതിനായാണ് ഡിജിറ്റൽ റീസർവ്വേ (Digital resurvey) നടത്തുന്നത്.
87 വില്ലേജുകളിലൊഴികെ പരമ്പരാഗതമായ രീതിയിലാണ് റീസര്‍വ്വെ നടത്തിയിരുന്നത്. കടലാസ് രേഖകളായതിനാല്‍ പലതരം അപാകതള്‍ നിലനിന്നിരുന്നു. ആ പ്രശ്നങ്ങള്‍ മറിക്കടക്കുന്നതിനായാണ് സംസ്ഥാനത്തെ വില്ലേജുകളിൽ പുതുതായി ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിനായുള്ള പദ്ധതി തയ്യാറാക്കുകയും മന്ത്രിസഭാ യോഗത്തില്‍ അതിന് അനുമതി നല്‍കുകയും ചെയ്തത്. ജനങ്ങള്‍ക്ക് ഭൂരേഖകള്‍ ആവശ്യാനുസരണം ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പരമാവധി കുറഞ്ഞ സമയത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ALSO READ: Bevco Online Booking: ഓൺലൈൻ മദ്യത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഓർഡർ ചെയ്തത് 400 പേർ
ഡ്രോണ്‍, ലിഡാര്‍, ETS തുടങ്ങിയ സാങ്കേിതക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ആവശ്യാനുസരണം ഉപയോഗിച്ചായിരിക്കും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുക. സര്‍വ്വേ നടപടികള്‍ക്കായി ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് വകുപ്പ് സര്‍വ്വേയര്‍മാരുടെ മേല്‍നോട്ടത്തില്‍ കരാര്‍/ദിവസക്കൂലി അടിസ്ഥാനത്തില്‍ മനുഷ്യ വിഭവ ശേഷി (Human resource) ലഭ്യമാക്കും. കൂടാതെ പരിശീലനം ലഭിച്ച സര്‍വ്വേയര്‍മാരെ നിയമിക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കും.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അവകാശ രേഖ (ROR) ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓണ്‍ലൈന്‍ സേവനങ്ങള്‍, കാലങ്ങളായുള്ള ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍പ്പാക്കല്‍ (സെറ്റില്‍മെന്റ്) , കൃത്യമായ ഭൂരേഖകളും സ്കെച്ചും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവും. അതിനു പുറമേ സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ക്കാവശ്യമായ സര്‍ക്കാര്‍ ഭൂമി എളുപ്പത്തില്‍ ലഭ്യമാക്കുവാനും കയ്യേറ്റങ്ങള്‍ കുറക്കുവാനും കഴിയും എന്നുള്ളത് മറ്റൊരു നേട്ടമാണ്. തുടര്‍ച്ചയായ ദുരന്തങ്ങള്‍ നേരിട്ട കേരളത്തില്‍ ജിയോ കോര്‍ഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്താല്‍ ദുരന്തനിവാരണവും അതിജീവനക്ഷമാതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഈ പദ്ധതി കൊണ്ട് സാധിക്കും.
ALSO READ: മുന്‍ DGP ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോയുടെ അമരത്തേയ്ക്ക്
നാല് ഘട്ടങ്ങളിലായി നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വ്വേ ഓഫ് ഇന്ത്യ, കേരള റീജിയണല്‍ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് വകുപ്പിനായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി സര്‍വ്വേ ഡയറക്ടറേറ്റിൽ ഒരു സംസ്ഥാന തല പദ്ധതി നിര്‍വ്വഹണ യൂണിറ്റ് (SPMU) രൂപീകരിക്കും. വകുപ്പിനുള്ളില്‍ നിന്നും പുറത്തു നിന്നും വിദഗ്ധസംഘം ഉൾപ്പെടെ ഈ യൂണിറ്റിലുണ്ടാകും. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല നിര്‍വ്വഹണ സമിതികള്‍ രൂപീകരിക്കും. അതിനു പുറമേ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയും പദ്ധതി നടത്തിപ്പ് വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...