മകളെ മനുഷ്യ ബോംബാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ്

മതം മാറ്റത്തെ തുടര്‍ന്ന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയ ഹാദിയയുടെ കേസിലുള്ള വാദം തിങ്കളാഴ്ച നടക്കാനിരിക്കെ തന്‍റെ മകളെ മനുഷ്യ ബോംബാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ് കെ.എം. അശോകന്‍. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

Last Updated : Oct 8, 2017, 05:46 PM IST
മകളെ മനുഷ്യ ബോംബാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ്

ന്യൂഡല്‍ഹി: മതം മാറ്റത്തെ തുടര്‍ന്ന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയ ഹാദിയയുടെ കേസിലുള്ള വാദം തിങ്കളാഴ്ച നടക്കാനിരിക്കെ തന്‍റെ മകളെ മനുഷ്യ ബോംബാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ് കെ.എം. അശോകന്‍. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

"രാജ്യത്തിലെ നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. തന്‍റെ കുടുംബത്തിനെതിരെ ചിലര്‍ വിദ്വേഷ പ്രചരണം നടത്തുകയാണ്. എന്നാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന വേദന ആരും മനസിലാക്കുന്നില്ല," അശോകന്‍ പറഞ്ഞു. 

ഏതെങ്കിലുമൊരു മതത്തിനോ മതം മാറ്റത്തിനോ താനെതിരല്ലെന്നും എന്നാല്‍ നിഷ്കളങ്കരായ പെണ്‍കുട്ടികളെ അസ്ഥിരതയിലേക്ക് തള്ളിയിടുന്ന ദുഷ്പ്രചാരണത്തിന് എതിരാണെന്നും അശോകന്‍ വ്യക്തമാക്കി. 

ഹാദിയക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ നിര്‍ണ്ണായക നിരീക്ഷണം നടത്തിയത്. 2013ലാണ് വൈക്കം സ്വദേശിയായ അഖില ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതിനു ശേഷം സ്വന്തം വീട്ടുകാരുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന മനസിലാക്കിയ ഹാദിയ 2016ല്‍ വീട് വിട്ടിറങ്ങി. തുടര്‍ന്ന് പിതാവ് അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരായ ഹാദിയ മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അറിയച്ചതിനാല്‍ കോടതി അത് അംഗീകരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള ആളുടെ കൂടെ പോകാമെന്ന് വ്യക്തമാക്കി. 

കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പിതാവ് അശോകന്‍ വീണ്ടും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. തന്‍റെ മകളെ സിറിയയിലേക്ക് കടത്താന്‍ പോകുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. അഭിഭാഷകനോടൊപ്പം കോടതിയിൽ ഹാജരായ ഹാദിയയെ താല്‍ക്കാലികമായി ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. പിന്നീട് 2016 സെപ്റ്റംബര്‍ 27 കോടതിയില്‍ ഹാജരായ ഹാദിയ തനിക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാൻ അനുവദിക്കണമെന്ന്  കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇത് കോടതി അംഗീകരിച്ചു. കേസ് കോടതി പരിഗണനയിലിരിക്കേ ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തു. ഡിസംബർ 21 ന് ഷെഫിന്‍ ജഹാനൊപ്പമാണ് ഹാദിയ കോടതിയില്‍ ഹാജരായത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മതിയായ വിശദീകരണം നല്‍കാന്‍ ഹാദിയയുടെ അഭിഭാഷകന് കഴിഞ്ഞില്ല. തുര്‍ന്ന് അന്വഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. 

പിന്നീട്, വിവാഹത്തില്‍ അസ്വാഭാവികതയുണ്ടെന്നും മാതാപിതാക്കളുടെ അറിവോടെയല്ല വിവാഹം നിരീക്ഷിച്ച ഹൈക്കോടതി ഇവരുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും പിതാവിനൊപ്പം പോകാന്‍ ഹാദിയയോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം വസ്തുനിഷ്ഠമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് നാളെ പരിഗണിക്കും. 

Trending News