Veena George: പ്രസവ വാ‍‍‍ർഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്; പരിഹാരം ഉറപ്പെന്ന് വീണാ ജോർജിന്റെ കമൻ്റ്

Nailambur Govt. Hospital labour room issue: ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും വീണാ ജോർജ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 16, 2023, 01:56 PM IST
  • സിന്ധു സൂരജ് എന്ന യുവതിയാണ് പ്രസവ വാർഡിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
  • നരക വാർഡ് എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സിന്ധുവിന്റെ വിമർശനം.
  • നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.
Veena George: പ്രസവ വാ‍‍‍ർഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്; പരിഹാരം ഉറപ്പെന്ന് വീണാ ജോർജിന്റെ കമൻ്റ്

മലപ്പുറം: നിലമ്പൂ‍ർ ​​ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിലൂടെ പ്രശ്നപരിഹാരം ഉറപ്പ് നൽകി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സിന്ധു സൂരജ് എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലമ്പൂ‍ർ ​​ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിന്റെ ദയനീയാവസ്ഥ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് പോസ്റ്റിട്ടത്. നിലമ്പൂ‍ർ ​​ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിനെ പ്രസവ വാർഡ് എന്നല്ല നരക വാർഡ് എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സിന്ധുവിന്റെ വിമർശനം. 

ഒരു ബെഡിൽ തന്നെ രണ്ട് ​ഗർഭിണികൾ കിടക്കുന്നതിന്റെ ചിത്രമാണ് സിന്ധു പങ്കുവെച്ചത്. ആകെ 14 ബെഡുകൾ മാത്രമാണ് ഇവിടെ ഉള്ളത്. അതിൽ രണ്ട് എണ്ണം എസ് സി, എസ് ടി സംവരണത്തിനുള്ളതാണ്. നിലത്ത് പാ വിരിച്ചു കിടക്കാൻ പോലും സ്ഥലമില്ല. ആകെയുള്ളത് മൂന്ന് കക്കൂസുകൾ. അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രമാണ് ഉള്ളതെന്നും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും സിന്ധു ചൂണ്ടിക്കാട്ടി. 

ALSO READ: അസ്മിയയുടെ മരണത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു

സിന്ധു സൂരജിൻറെ ഫേസ്ബുക്ക് പോസ്റ്റ് 

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ്, പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക..... ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ്, ആകെ ഉള്ളത് പതിനാലു ബെഡ്ഡ്, അതിൽ രണ്ടെണം SC ST സംവരണ ബെഡ്.

ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ, അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ, വേദന തുടങ്ങിയവരും, ഓപ്പറേഷനുള്ളവരും, വെള്ളം പോയി തുടങ്ങിയതും.... അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ, നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല, പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം. 

പ്രസവിക്കാനുള്ളവരും, പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ....വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം.

ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി, വെറും രണ്ടേ രണ്ടു ടേബിൾ മാത്രം, ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു, ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട, വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ, ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന്, അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും. 

വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല, തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും.....ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും, അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും.

എൻ്റെ പോസ്റ്റു വായിച്ചു കമൻറിടാൻ ഞാൻ ആവശ്യപെടാറില്ല. പക്ഷേ ഈയൊരു പോസ്റ്റിന് ഒരു കുത്തെങ്കിലും നൽകണം,അപേക്ഷയാണ്.

സിന്ധുവിന്റെ ഫേസ്ബുക്ക് വലിയ ചർച്ചയായതോടെ മറുപടിയുമായി ആരോ​ഗ്യമന്ത്രി തന്നെ രം​ഗത്തെത്തി. നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും ആശുപത്രികളിലെത്തുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും വീണാ ജോർജ് കമന്റിലൂടെ അറിയിച്ചു. 

വീണാ ജോർജിന്റെ കമന്റ് ഇങ്ങനെ: 

നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചിരുന്നു. നിര്‍മ്മാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ പകുതിയില്‍ നിര്‍ത്തി പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാണ തുകയില്‍ വലിയ വ്യത്യാസം വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News