എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ യൂണിവേഴ്സിറ്റി ചാൻസിലർ. ഇത് സംബന്ധിച്ച് കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പോലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് വിവരങ്ങൾ തേടിയത്.
കേരള സർവ്വകലാശാലയിൽ ഡിവൈഎസ്പി നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്. നിഖിൽ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വിസിയും കലിംഗ സർവകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു. കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടാനായാണ് വ്യാജ രേഖകൾ നൽകിയത്. ബികോം പാസാകാതെയാണ് നിഖിൽ എംഎസ്എം കോളജിൽ എംകോമിന് ചേർന്നത്.
അതേസമയം, നിഖിൽ തോമസ് ഒളിവിൽ തുടരുകയാണ്. നിഖിൽ തോമസിനെ കണ്ടെത്താൻ എട്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി ഇന്ന് സർവ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും റിപ്പോർട്ട് കൈമാറും. സംഭവം വിവാദമായതോടെ നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്എഫ്ഐയുടെ മുഴുവൻ ഘടകങ്ങളിൽ നിന്നും നിഖിലിനെ മാറ്റി നിർത്തിയിരുന്നു. പിന്നീട് സംഘടന വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിഖില്‍ നല്‍കിയ വിശദീകരണം സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു. നിഖില്‍ നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്.
ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്നത് ചോദ്യമുയര്‍ത്തി. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്എഫ്ഐയുടെ മുൻപിലുള്ള ഏക മാർഗം.
പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്, എസ്എഫ്ഐ നേതൃത്വം പറയുന്നു. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്‍റെറെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്, എസ്.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷ കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...