തിരുവനന്തപുരം ; സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് കണ്ടപ്പോള്‍ സെക്രട്ടേറിയറ്റിൽ തീയിട്ട് തെളിവില്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. തീ പിടിച്ചതോ അതോ പിടിപ്പിച്ചതോയെന്ന് വ്യക്തമാകാൻ സമഗ്രമായ അന്വേഷണം വേണം.
യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കില്‍ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മടിയിൽ കനമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നിൽ കൂടുതൽ പരിഹാസ്യനാകുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോൾ സെക്രട്ടേറിയറ്റിൽ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം? സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ കത്തിനശിച്ച ഫയലുകൾ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? തീപിടിത്തത്തില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടില്ലെന്ന പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണിയുടെ തിടുക്കത്തിലുള്ള പ്രതികരണത്തിലുണ്ട് എല്ലാം. കൃത്യമായ വഴിയിൽ അന്വേഷണമെത്തുമെന്ന് മനസിലായപ്പോൾ എല്ലാ രേഖകളും കത്തിച്ചതാണോയെന്ന സംശയം ന്യായമായും പൊതുജനങ്ങൾക്കുണ്ടാകും.
അട്ടിമറിക്ക് കുടപിടിക്കുകയാണോ ചീഫ് സെക്രട്ടറി ? ഇത് യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കിൽ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിന്? ഇത്തരം അട്ടിമറി നടക്കുമ്പോൾ കെ.സുരേന്ദ്രൻ അവിടെയെത്തി പ്രതിഷേധിക്കുമെന്ന് കരുതിയില്ലേ? ഉള്ളത് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട ! ഈ ആസൂത്രിത അട്ടിമറിയെ തുറന്നെതിർക്കാൻ ബി ജെ പി ശക്തമായ പ്രതിഷേധം തുടരും.
തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന് വ്യക്തമാകാൻ സമഗ്രമായ അന്വേഷണം വേണം. മടിയിൽ കനമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നിൽ കൂടുതൽ പരിഹാസ്യനാകുകയാണ് പിണറായി എന്ന് പറയാതെ വയ്യ!!