തൃശൂർ: കേരളത്തിലെ ആദ്യത്തെ ബ്ലോക്ക്തല ഹെൽത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 9ന് രാവിലെ 9 മണിക്ക് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓൺലൈൻ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
വിവിധ ആരോഗ്യ സേവനങ്ങൾ, സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെൽത്ത് മേള സംഘടിപ്പിക്കുന്നത്. ഇ-സഞ്ജീവിനി ഒ.പി.ഡി. ടെലി മെഡിസിൻ, ഹൃദ്രോഗവിഭാഗം, സ്ത്രീരോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്‌രോഗ വിഭാഗം, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ, വൃക്കരോഗ വിഭാഗം, ആർ.ബി.എസ്.കെ. സ്‌ക്രീനിങ്ങ്, കുഷ്ഠരോഗ പരിശോധന, ജീവിത ശൈലിരോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാരോഗ്യ കൗൺസിലിംഗ്, ആയുർവേദം, ഹോമിയോ തുടങ്ങിയ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ മേളയുടെ ഭാഗമായി നടത്തും. മരുന്ന് വിതരണവും ലാബ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ എട്ട് മണിക്ക് ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലി നടക്കും ‘കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും’ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.