പൊലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി!!

സംസ്ഥാനത്തെ പൊലീസ് സേനയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

Last Updated : Sep 1, 2019, 06:47 PM IST
പൊലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി!!

കണ്ണൂര്‍: സംസ്ഥാനത്തെ പൊലീസ് സേനയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ 31-ാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത അവസരത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.

കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടി വരുന്ന പൊലീസ് സേനയുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഭരണ സംവിധാനത്തില്‍ പൊലീസിന്‌ വലിയ പങ്കുണ്ട്‌. നല്ല പൊലീസ് സേനയാകണമെങ്കില്‍ നല്ല സാമൂഹ്യ, രാഷ്ട്രീയ, ചരിത്ര ബോധം ഉണ്ടാകണം. ഫ്യൂഡല്‍കാലത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത്തരം സാമൂഹ്യ പശ്ചാത്തലം മനസ്സിലാക്കിയായിരിക്കണം സേനയുടെ ഇടപെടല്‍, അവര്‍ പറഞ്ഞു

ലോക പൊലീസ് സേനക്ക് മാതൃകയായി പല കേസുകളും തെളിയിക്കാന്‍ കേരള പൊലീസിന് സാധിച്ചിട്ടുണ്ട്. സൈബര്‍ ക്രൈം പോലുള്ള നവ കേസുകള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. നിര്‍ഭയമായും നിഷ്‌പക്ഷമായും മുന്നോട്ടുപോകാന്‍ സേനക്ക് സാധിക്കണമെന്നും കെ. കെ ശൈലജ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 50 പൊലീസുകാരാണ് കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ആത്മഹത്യ ചെയ്തത്. 

2014ല്‍ 9ഉം 2015ല്‍ 6 ഉം പോലീസ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്തോറും ഈ സംഖ്യ വര്‍ദ്ധിക്കുന്നതായാണ് കാണുവാന്‍ കഴിയുന്നത്‌. 2016ൽ 13 ആയിരുന്നുവെങ്കില്‍ 2017ൽ 14 ആയി. 

മാനസിക പിരിമുറുക്കം ഒഴിവാക്കാനായി മദ്യത്തിലും ലഹരിമരുന്നിലും അഭയം പ്രാപിച്ചവര്‍ നിരവധിയാണ് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പഠനമനുസരിച്ച്, ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും പ്രാദേശിക സ്റ്റേഷനുകളിലെ പോലീസുകാരാണ്. പോലീസ് സേനയുടെ ക്ഷേമവും ആവശ്യങ്ങളും പരിപാലിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്നതാണ്‌ ഈ വസ്തുതകള്‍ തെളിയിക്കുന്നത്.

 

Trending News