ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയില്‍; ബലിതര്‍പ്പണത്തെ ബാധിക്കാന്‍ സാധ്യത

മണപ്പുറത്ത് നടത്തിവരാറുള്ള ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ ഉച്ചവരെയാണ് വാവുബലി തര്‍പ്പണം.   

Last Updated : Aug 10, 2018, 11:43 AM IST
ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയില്‍; ബലിതര്‍പ്പണത്തെ ബാധിക്കാന്‍ സാധ്യത

ആലുവ: ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍ റോഡിലും വീടുകളിലും വെള്ളം കയറി. 

ഇവിടങ്ങളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു. ആലുവയില്‍ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. 

നാളെ കര്‍ക്കിടക വാവ് ആണ്. എന്നാല്‍ ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലും. ഈ സാഹചര്യത്തില്‍ അവിടെ ബലിതര്‍പ്പണം നടത്താന്‍ സാധ്യതയില്ല. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ ഉച്ചവരെയാണ് വാവുബലി തര്‍പ്പണം. ശിവരാത്രി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത് കര്‍ക്കടക വാവിലാണ്. പതിനായിരക്കണക്കിനു പേരാണ് പെരിയാറിനു തീരത്തുള്ള മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങുന്നത്. 

പുഴയോരത്ത് 121 ബലിത്തറകള്‍ ഒരുക്കാന്‍ ഇത്തവണ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെ മണപ്പുറത്തെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. ഇതോടെ ഉയര്‍ന്ന പ്രദേശത്തു വച്ച് ബലിതര്‍പ്പണം നടത്തേണ്ടി വരും. 2013-ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നപ്പോള്‍ സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്. അന്ന് മണപ്പുറം റോഡില്‍ വച്ചാണ് ബലിതര്‍പ്പണം നടത്തിയത്.

Trending News