Arikkomban: അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് പറയുന്നത് എന്തിന്? സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം

High court criticizes Sabu M Jacob: തമിഴ്‌നാട് വനം വകുപ്പ് ആനയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : May 31, 2023, 12:47 PM IST
  • ആന നിലവിൽ തമിഴ്‌നാട് ഭാഗത്താണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
  • ആനയെ ഉൾവനത്തിലേയ്ക്ക് അയക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
  • കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു പാർട്ടിയ്ക്ക് തമിഴ്‌നാട്ടിൽ എന്താണ് കാര്യമെന്നും കോടതി.
Arikkomban: അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് പറയുന്നത് എന്തിന്? സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: അരിക്കൊമ്പന് ചികിത്സയും സുരക്ഷയും നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം. അരിക്കൊമ്പനെ കേരളത്തിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. 

ആന നിലവിൽ തമിഴ്‌നാട് ഭാഗത്താണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആനയെ ഉൾവനത്തിലേയ്ക്ക് അയക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. തമിഴ്‌നാട് വനം വകുപ്പ് ആനയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചതിന് തെളിവില്ല. ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടുമില്ല. ആനയെ സംരക്ഷിക്കാമെന്ന് അവർ പറയുമ്പോൾ പിന്നെ എന്തിനാണ് ആനയെ കേരളത്തിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന് നിങ്ങൾ പറയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. 

ALSO READ: തമിഴ്നാട് അതിർത്തിയിൽ തുടർന്ന് അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വയ്ക്കാനൊരുങ്ങി വനംവകുപ്പ്

പൊതുതാത്പ്പര്യ ഹർജികളിൽ പൊതുതാത്പ്പര്യം ഉണ്ടാകണമെന്ന വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയിട്ടുണ്ടോ എന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു. ഹർജിക്കാരൻ ഒരു പാർട്ടിയുടെ നേതാവാണ്. അതിനാൽ ആ രീതിയിൽ ഉത്തരവാദിത്തത്തോടെ വേണം പെരുമാറാൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു പാർട്ടിയ്ക്ക് തമിഴ്‌നാട്ടിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.

അരിക്കൊമ്പന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാബു എം ജേക്കബ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടിയെ സമീപിച്ചത്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. തമിഴ്‌നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും സാബു എം ജേക്കബ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. അരിക്കൊമ്പൻ കേരളത്തിന്റെ സ്വത്താണ്. കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പൻ. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയത് എന്നും സാബു എം ജേക്കബ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

അരിക്കൊമ്പൻ വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ആനയുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കോടതി ഇടപെടണമെന്നും കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്നാട് വനം വകുപ്പ് ശ്രമം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ സമയത്ത് അരിക്കൊമ്പന് അപകടം പറ്റാൻ സാധ്യത ഉള്ളതിനാൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരുന്നത്. 

നിലവിൽ അരിക്കൊമ്പൻ തമിഴ്നാട് വനാതിർത്തിയിൽ തന്നെ തുടരുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഷണ്മുഖ നദി ഡാം പരിസരത്താണ് അരിക്കൊമ്പൻ കൂടുതൽ സമയം ചിലവഴിക്കുന്നത്. വനം വകുപ്പിന്റെ ഒരു സംഘം ആനയെ നേരിട്ട് കണ്ടിട്ടുണ്ട്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ കണ്ടതായി നാട്ടുകാരും പറയുന്നു. മേഘമല കടുവാ സങ്കേതത്തിന്റെ ദിശയിലേക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതെന്നാണ് റേഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സി​ഗ്നലുകളിഷ നിന്ന് വ്യക്തമാകുന്നത്. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് നിയോ​ഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി ആന പിടിത്തത്തിൽ വിദ​ഗ്ധരായ ആദിവാസി സംഘത്തെ മേഖലയിൽ നിയോ​ഗിച്ചിട്ടുണ്ട്. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് കമ്പത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News