തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്.
ചൊവ്വാഴ്ച്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.ഐ) അറിയിച്ചു. മെയ് 12 മുതല്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐ.എന്‍.ഐ) സമരത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
നഴ്‌സുമാരുടെ സമരം ആരംഭിച്ചാല്‍ 457 ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യു.എന്‍.എ വ്യക്തമാക്കി. അതുകൂടാതെ ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നും സംഘടന അദ്ധ്യക്ഷന്‍ വ്യക്തമാക്കി.
ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്നാണു നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായി ഒന്‍പതു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
അതേസമയം, ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യുഎന്‍ഐയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും. ഈ മാസം 24ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയാണ് നടക്കുക.